ഗോവധമാരോപിച്ച് യുപിയില്‍ കലാപം; ഒരാള്‍ കൂടി കൊല്ലപ്പെട്ടു: സംഘര്‍ഷത്തിന് അയവില്ല
national news
ഗോവധമാരോപിച്ച് യുപിയില്‍ കലാപം; ഒരാള്‍ കൂടി കൊല്ലപ്പെട്ടു: സംഘര്‍ഷത്തിന് അയവില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd December 2018, 9:36 pm

ലക്നൗ: കന്നുകാലികളെ കൊന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറില്‍ അരങ്ങേറുന്ന കലാപത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പ്രദേശവാസിയായ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടത്.

വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പശുവിനെ കശാപ്പ് ചെയ്തുവെന്ന ആരോപണവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തുകയും അക്രമത്തിന് തുടക്കം കുറിക്കുകയുമായിരുന്നു. ബജ്‌റഗ് ദളാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത്.

Read Also : പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ചോദ്യകടലാസ് ചോര്‍ത്തി വിറ്റു; ഗുജറാത്ത് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് കമ്പനി ദ്രുതകര്‍മ്മ സേനയെ വിന്യസിച്ചു കഴിഞ്ഞു. ഗ്രാമത്തിന് പുറത്ത് വനപ്രദേശത്ത് പശുക്കളുടെ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.

രാവിലെ 11 മണിയോടെ ചിത്രാവതി ക്രോസ്സിംഗിന് സമീപമാണ് നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിക്കാനായി ഒത്തുചേര്‍ന്നത്. പ്രതിഷേധം നിയന്ത്രിക്കാനെത്തിയ പൊലീസ് സംഘവുമായി ജനങ്ങള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ്  പൊലീസിന് നേരെ ജനം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതരമായി പരിക്കേറ്റ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായിരുന്നില്ല. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്