കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടിയായിരുന്ന എം. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് കോടതിയില്‍.
ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. എന്‍ഫോഴ്‌മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശിന്റെ വാദങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് നടത്തിയത്.
സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്നും സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിപ്ലോമാറ്റിക്ക് ബാഗ് പിടിച്ചുവെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന സ്വാധീനം ഉപയോഗിച്ച് ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടു. സ്വപ്‌ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭമെത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ഉപയോഗിച്ച് സ്വപ്നയെ മറയാക്കിയാവാം തുടങ്ങി ഗുരുതര ആരോപണമാണ് ഇ.ഡി കോടതിയില്‍ ഉന്നയിച്ചത്.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന് നേരിട്ടുള്ള ബന്ധത്തിനുള്ള തെളിവ് മുദ്രവെച്ച കവറില്‍ ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചെന്നും ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ജാമ്യം നിഷേധിച്ചതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
അതേസമയം ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകൊടുക്കാന്‍ ശിവശങ്കര്‍ ഇടപെട്ടു എന്ന് ഇ.ഡിയുടെ ഫൈനല്‍ റിപ്പോര്‍ട്ടിലോ കസ്റ്റംസിന്റെ പരാമര്‍ശത്തിലോ നേരത്തെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇ.ഡിക്ക് വേണ്ടി ഹാജരായ പ്രോസിക്യൂട്ടര്‍ കോടതിയില്‍ ശിവശങ്കറിനുള്ള പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോക്കര്‍ സംബന്ധിച്ച കാര്യത്തില്‍ ശിവശങ്കര്‍ വ്യക്തമായി മറുപടി നല്‍കിയില്ല. ശിവശങ്കറും അദ്ദേഹത്തിന്റെ ചാര്‍റ്റേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലും നല്‍കിയ മൊഴി പരസ്പര വിരുദ്ധമാണ്. സ്വപ്‌നയുടെ 35 ലക്ഷം ലോക്കറില്‍ വെക്കാമെന്ന് പറഞ്ഞുകൊണ്ടുള്ള വേണുഗോപാലിനുള്ള വാട്‌സ് ആപ്പ് സന്ദേശവും കേരളം വിട്ടുപോകാന്‍ ശിവശങ്കര്‍ വാട്‌സ്ആപ്പിലൂടെ പറഞ്ഞ കാര്യവും ഇ.ഡി കോടതിക്ക് മുന്‍പില്‍ വെച്ചിട്ടുണ്ട്.
ശിവശങ്കറും വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശത്തില്‍ നിരവധി സംശയങ്ങളുണ്ട്. സ്വപ്‌നയുടെ മാത്രം ലോക്കറാണെങ്കില്‍ ശിവശങ്കറിന് ഇത്രേയേറെ ആശങ്ക അതില്‍ വേണ്ടതില്ല. വേണുഗോപാലിനോട് കേരളം വിട്ടുപോകാനും നാഗര്‍കോവിലേക്ക് മാറാനും ശിവശങ്കര്‍ പറയുന്നുണ്ട്. ശിവശങ്കറിന് പങ്കില്ലെങ്കില്‍ ലോക്കറിന്റെ കാര്യത്തിലോ വേണുഗോപാലിന്റെ കാര്യത്തിലോ ഇത്രയേറെ ആശങ്ക അദ്ദേഹത്തിന് വേണ്ടതില്ല തുടങ്ങിയ കാര്യങ്ങളും ഇഡി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക