കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പ്രതിചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് എന്‍.ഐ.എ. അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും എന്‍.ഐ.എ വാദിച്ചു. എന്‍.ഐ.എയുടെ വാദം പരിഗണിച്ച കോടതി ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി.
നേരത്തെ എന്‍ഫോഴ്‌സെ്മന്റിന്റേ കേസിലും കസ്റ്റംസിന്റെ കേസിലും ശിവശങ്കറിന്റെ അറസ്റ്റ് 23 വരെ കോടതി തടഞ്ഞിരുന്നു. നാളെയാണ് ഈ കേസുകളില്‍ വാദം നടക്കുക.
നിലവില്‍ മൂന്ന് കേന്ദ്ര ഏജന്‍സികള്‍ തന്നെ ചോദ്യം ചെയ്‌തെന്നും 38 മണിക്കൂര്‍ ചോദ്യം ചെയ്‌തെങ്കിലും സ്വര്‍ണക്കടത്തില്‍ പോലും തന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ഏജന്‍സിക്ക് ലഭിച്ചില്ലെന്നും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ശിവശങ്കര്‍ പറഞ്ഞിരുന്നു.
യു.എ.പി.എ അടക്കമുള്ള കുറ്റമാണ് അവര്‍ ആരോപിച്ചത്. എന്നാല്‍ യു.എ.പി.എ ചുമത്താവുന്ന ഒരു തെളിവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് മുകളില്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു കേസില്‍ കുറ്റം ചുമത്തി തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ശിവശങ്കര്‍ ആരോപിച്ചത്.
എന്നാല്‍ ഇന്ന് എന്‍.ഐ.എയ്ക്ക് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനൂപ് അമ്പലപ്പാട് ശിവശങ്കറിന്റെ ഈ ആരോപണമെല്ലാം നിഷേധിച്ചു. ശിവശങ്കറിനെ പ്രതിയാക്കുന്ന കാര്യം പോലും നിലവില്‍ ആലോചിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം നല്‍കേണ്ട കാര്യമില്ലെന്നുമായിരുന്നു അദ്ദേഹം കോടതിയെ അറിയിച്ചത്. തുടര്‍ന്ന് എന്‍.ഐ.എയുടെ ഈ വാദം അംഗീകരിച്ചുകൊണ്ട് കോടതി ഹരജി തീര്‍പ്പാക്കുകയായിരുന്നു.