കേന്ദ്രത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും
Daily News
കേന്ദ്രത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th November 2016, 4:36 pm

സമരം തുടരുന്ന തിരുവനന്തപുരം റിസര്‍വ് ബാങ്ക് റീജ്യനല്‍ ഓഫീസിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനമായെത്തി.


തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ തുടരുന്ന സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേനയും.

സമരം തുടരുന്ന തിരുവനന്തപുരം റിസര്‍വ് ബാങ്ക് റീജ്യനല്‍ ഓഫീസിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ച് പ്രകടനമായെത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരത്തിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയത്. നേരത്തെ യു.ഡി.എഫും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിക്കെതിരെ ദേശീയതലത്തിലും ശിവസേന രംഗത്തെത്തിയിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള കള്ളപ്പണം എങ്ങനെയാണ് തിരികെ എത്തിക്കുകയെന്നും പുതിയ നീക്കം ജനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നുമാണ് ശിവസേനയുടെ നിലപാട്.


കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെയാകണം സര്‍ക്കാര്‍ ലക്ഷ്യമാക്കേണ്ടതെന്നും മറിച്ച് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയല്ലെന്നും ശിവസേന തലവന്‍ ഉദ്ധവ് താക്കറെ പറഞ്ഞു. ബുധനാഴ്ച വിഷയത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കേന്ദ്രത്തിനെതിരെ നടത്തിയ റാലിയില്‍ ശിവസേന നേതാക്കള്‍ പങ്കെടുത്തിരുന്നു.

നോട്ടു പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന സമരത്തോട് പൂര്‍ണ യോജിപ്പാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. സഹകരണ മേഖലയെ തകര്‍ക്കുന്ന നടപടികളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ റിസര്‍വ് ബാങ്ക് റീജ്യനല്‍ ഓഫീസിനു മുന്നില്‍ നടക്കുന്ന സമരത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.