മുന്‍ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയില്‍ ബി.ജെ.പി കെട്ടിപ്പടുത്ത നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെയും 12 എം.എല്‍.എമാരും പാര്‍ട്ടിയിലേക്ക് വരുമെന്നുറപ്പിച്ചാണ് ശിവസേനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നിറങ്ങിയ ശിവസേന മുഖപത്രം സാംമ്‌നയിലെ സഞ്ജയ് റാവത്തിന്റെ ലേഖനത്തെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്രയിലെ മഹാസഖ്യ സര്‍ക്കാരിന് 182 എം.എല്‍.എമാരുടെ പിന്തുണയുണ്ടാവുമെന്നാണ് ലേഖനത്തില്‍ ശിവസേന മുതിര്‍ന്ന നേതാവ് പറയുന്നത്. 169 പേരുടെ പിന്തുണയാണ് വിശ്വാസ വോട്ടെടുപ്പില്‍ മഹാസഖ്യത്തിന് ലഭിച്ചത്.
പങ്കജ മുണ്ടെയുടെ കൂടെയുണ്ടെന്ന് പറയപ്പെടുന്ന എം.എല്‍.എമാരുടെ എണ്ണം കൂട്ടിയാലാണ് 182 എന്നതിലേക്കെത്തുന്നത്. ഇത് കണക്ക്കൂട്ടി തന്നെയാണ് സഞ്ജയ് റാവത്ത് അങ്ങനെ പറഞ്ഞത് എന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
ഗോപിനാഥ് മുണ്ടെയുടെ ഓര്‍മ്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് താന്‍ നിര്‍ണായക തീരുമാനമെടുക്കുമെന്ന് പങ്കജ് മുണ്ടെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ട്വിറ്റര്‍ ബയോയിലും പങ്കജ് മുണ്ടെ മാറ്റം വരുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും ആത്മപരിശോധന നടത്തേണ്ടതുണ്ട് എന്ന് പങ്കജ മുണ്ടെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സ്വയം ഒരു തീരുമാനത്തിലെത്താന്‍ തനിക്ക് 8-10 ദിവസങ്ങള്‍ കൂടി വേണമെന്നും മുണ്ടെ പറഞ്ഞു.
പിതാവിന്റെ അറുപതാം ജന്മദിനമായ ഡിസംബര്‍ 12 ന് മുന്‍പ് ഒരു തീരുമാനം പറയുമെന്നും ഡിസംബര്‍ 12 ന് ബീഡ് ജില്ലയിലുള്ള പിതാവിന്റെ സ്മൃതി മണ്ഡലത്തിലേക്ക് അനുനായികള്‍ എത്തിച്ചേരണമെന്നും മുണ്ടെ ആവശ്യപ്പെട്ടിട്ടുണ്ട്.
‘സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോള്‍ മുന്നോട്ടുള്ള വഴി ചിന്തിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.
എനിക്ക് എന്നോട് തന്നെ ആശയവിനിമയം നടത്താന്‍ കുറച്ച് സമയം ആവശ്യമാണ്,
‘നിലവിലെ രാഷ്ട്രീയ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ ഭാവി തീരുമാനിക്കേണ്ടതുണ്ട്. അടുത്തതായി എന്തുചെയ്യണം? ഏത് പാതയാണ് സ്വീകരിക്കേണ്ടത്? നമുക്ക് ആളുകള്‍ക്ക് എന്ത് നല്‍കാനാകും? നമ്മുടെ ശക്തി എന്താണ്? ജനങ്ങളുടെ പ്രതീക്ഷകള്‍ എന്താണ്?- എല്ലാം പരിശോധിക്കേണ്ടതുണ്ട്. ഈ എല്ലാ കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചിന്തിക്കുകയും ഡിസംബര്‍ 12 ന് മുന്‍പായി നിങ്ങളുടെ മുന്‍പില്‍ വരികയും ചെയ്യും,” എനിക്ക് ധാരാളം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്”- പങ്കജ് മുണ്ടെ പറഞ്ഞു.
കഴിഞ്ഞ മഹാരാഷ്ട്ര സര്‍ക്കാരില്‍ ഗ്രാമവികസന, ശിശു വികസന മന്ത്രിയായിരുന്നു മുണ്ടെ. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായി എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടെയോട് 30,000 ത്തിലധികം വോട്ടുകള്‍ക്കാണ് പങ്കജ് മുണ്ടെ പരാജയപ്പെട്ടത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം ബി.ജെ.പിയില്‍ നിന്നും മുണ്ടെ അകലുകയാണെന്ന വാര്‍ത്ത മഹാരാഷ്ട്ര ബി.ജെ.പി വക്താവ് ഷിരീഷ് ബോറാല്‍ക്കര്‍ നിഷേധിച്ചു.
സംസ്ഥാനത്ത് ബി.ജെ.പിക്ക് വേണ്ടി മുണ്ടെ പ്രവര്‍ത്തിക്കുമെന്നും ബി.ജെ.പിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അവര്‍ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ഷീരീഷ് ബോറാല്‍ക്കറിന്റെ വിശദീകരണം.
ബി.ജെ.പിയെ കെട്ടിപ്പടുക്കുന്നതില്‍ വളരെയധികം സംഭാവന നല്‍കിയ ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ് മുണ്ടേയെന്നും അവര്‍ പാര്‍ട്ടിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.