മുംബൈ: മുംഗാര്‍ വെടിവെയ്പ് ഹിന്ദുത്വത്തിനെതിരെയുള്ള ആക്രമണമായിട്ടും ബി.ജെ.പിയും ബീഹാര്‍ ഗവര്‍ണറും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
ഇത് നടന്നത് മഹാരാഷ്ട്രയിലോ പശ്ചിമബംഗാളിലോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണം കൊണ്ടു വരുമായിരുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മുംഗാര്‍ വെടിവെയ്പ് ഹിന്ദുത്വയ്‌ക്കെതിരെയുള്ള ആക്രമണമാണ്. ഈ സംഭവം മഹാരാഷ്ട്രയിലോ പശ്ചിമ ബംഗാളിലോ മറ്റോ ആയിരുന്നു നടന്നിരുന്നതെങ്കില്‍ ഗവര്‍ണറും ബി.ജെ.പി നേതാക്കളും കൂടി രാഷ്ട്രപതി ഭരണം വേണമെന്ന് ആവശ്യപ്പെടില്ലായിരുന്നോ? എന്നിട്ടും എന്തുകൊണ്ടാണ് ബീഹാര്‍ ഗവര്‍ണറും ബി.ജെ.പി നേതാക്കളും ഈ സംഭവത്തിനെതിരെ ഒരു ചോദ്യം പോലും ഉയര്‍ത്താത്തത്?,’ അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ബീഹാറിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയും വിമര്‍ശിച്ചിരുന്നു.
‘എന്താണ് ബീഹാറിലും ഉത്തര്‍പ്രദേശിലും ഹരിയാനയിലുമൊക്കെ നടക്കുന്നതെന്ന് നോക്കൂ. എന്താണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസമാധാനനില? എന്നിട്ട് മഹാരാഷ്ട്രയിലും പഞ്ചാബിലും പശ്ചിമ ബംഗാളിലുമൊക്കെയാണ് പ്രശ്‌നങ്ങളുള്ളതെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണെന്നാണ് ബി.ജെ.പി നടത്തുന്നത്,’ സാമ്‌നയിലെ ലേഖനം പറഞ്ഞു.
ബീഹാറിലെ വോട്ടെടുപ്പ് നടക്കുന്ന ജില്ലയായ മുംഗാറിലെ പൊലീസ് സൂപ്രണ്ടിനെയും ജില്ലാ മജിസ്‌ട്രേറ്റിനെയും അടിയന്തരമായി നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തീകരിക്കാനാണ് നിര്‍ദേശം.
മുംഗാറില്‍ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്കിടെയാണ് പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു.
ദുര്‍ഗപൂജയുമായി ബന്ധപ്പെട്ട വിഗ്രഹ നിമജ്ജനത്തിനിടെയാണ് പൊലീസും നാട്ടുകാരും സംഘര്‍ഷമുണ്ടായത്. ഇതിനിടെയുണ്ടായ വെടിവെപ്പിലാണ് അനുരാഗ് പോഡാര്‍ എന്ന യുവാവ് മരിച്ചത്.
അതേസമയം. പൂജ ആഘോഷങ്ങള്‍ക്കിടെ ചില സാമൂഹികവിരുദ്ധര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് ലാത്തി വീശിയതെന്നുമാണ് പൊലീസ് പറയുന്നത്.
സംഘര്‍ഷത്തിനിടെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ആരോ വെടിയുതിര്‍ത്തെന്നും പൊലീസ് പറഞ്ഞു. കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക