മന്ത്രിസഭയിൽ ഒതുക്കപ്പെട്ടു: അതൃപ്തി പ്രകടിപ്പിച്ച് ശിവസേന ഷിൻഡെ പക്ഷം
India
മന്ത്രിസഭയിൽ ഒതുക്കപ്പെട്ടു: അതൃപ്തി പ്രകടിപ്പിച്ച് ശിവസേന ഷിൻഡെ പക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2024, 8:04 am

ന്യൂദൽഹി: മൂന്നാം എൻ.ഡി.എ സർക്കാർ മന്ത്രിസഭയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന വിമർശനവുമായി ശിവസേന ഷിൻഡെ വിഭാഗം. ഒന്നും രണ്ടും സീറ്റുകളുള്ള ഹിന്ദുസ്ഥാനി അവാം മോർച്ച പാർട്ടിക്കും ജെ.ഡി.എസിനും ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകിയപ്പോൾ ഏഴ് സീറ്റുകൾ നേടിയ ശിവസേനയ്ക്ക് നൽകിയത് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനം മാത്രമാണ് എന്നതാണ് ശിവസേനയുടെ അതൃപ്തിക്ക് കാരണം.

ബി.ജെ.പിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷിയെന്ന പരിഗണന ലഭിച്ചില്ലെന്നും ശിവസേന പറഞ്ഞു. അജിത് പവാർ വിഭാഗം എൻ.സി.പിയുടെ കടുത്ത അതൃപ്തിക്ക് പിന്നാലെയാണ് മഹായുതിയിലെ മറ്റൊരു സഖ്യകക്ഷിയായ ശിവസേന ഷിൻഡെ വിഭാഗവും മന്ത്രിസഭയിലെ അതൃപ്തി പരസ്യമായി അറിയിക്കുന്നത്.

ശിവസേന പ്രധാനമായും ആവശ്യപ്പെട്ടത് ഒരു ക്യാബിനറ്റ് മന്ത്രി പദവിയും രണ്ട് സഹ മന്ത്രി സ്ഥാനവുമാണ്. എന്നാൽ ശിവസേനയ്ക്ക് ആകെ ലഭിച്ചത് സ്വതന്ത്ര ചുമതലയുള്ള ഒരു സഹമന്ത്രി സ്ഥാനം മാത്രമാണ്.

ശിവസേനയുടെ പ്രതാപ് റാവു ജാതവിനാണ് സഹമന്ത്രി സ്ഥാനം ലഭിച്ചത്. ആയുഷ് വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിൽ വലിയ അതൃപ്തിയാണ് പാർട്ടിയിലെ എം.എൽ.എമാരും എം.പിമാരും ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസം ചേർന്ന എം.എൽ.എമാരുടെയും എം.പിമാരുടെയും പ്രത്യേക നേതൃയോഗത്തിൽ ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. പൂനയിൽ നിന്നുള്ള എം.പി ശ്രീരംഗ് പർണ ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. ബി.ജെ.പി ചിറ്റമ്മ നയമാണ് കാണിക്കുന്നതെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു.

‘ബി.ജെ.പി ഒരു ചിറ്റമ്മ നയമാണ് ശിവസേനയോട് കാണിക്കുന്നത്. ഒന്നും രണ്ടും കക്ഷികളുള്ള പാർട്ടികൾക്ക് ക്യാബിനറ്റ് മന്ത്രിസ്ഥാനം നൽകുകയും ഏഴ് സീറ്റുകളോടെ മഹാരാഷ്ട്രയിൽ മെച്ചപ്പെട്ട വിജയം നേടിയ ശിവസേനയ്ക്ക് സഹമന്ത്രിസ്ഥാനവുമാണ് അവർ നൽകിയത്. ശിവസേനയെ ബി.ജെ.പി തഴയുകയാണുണ്ടായത്,’ ശ്രീരംഗ് പർണ പറഞ്ഞു.

ക്യാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രിസ്ഥാനവും ചോദിച്ച് വാങ്ങുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവും യോഗത്തിൽ ഉയർന്ന വന്നിരുന്നു.

ശിവസേനയുടെ പിളർപ്പിന് പിന്നാലെ ഒരു വിഭാഗം എം.പി മാർ ശിവസേനയുടെ ഉദ്ദവ് വിഭാഗത്തിലേക്ക് തിരിച്ച് പോകുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന ഘട്ടത്തിലാണ് ക്യാബിനറ്റ് പദവി ലഭിക്കാത്തതിന്റെ പേരിൽ ഇപ്പോൾ വലിയ രീതിയിൽ അതൃപ്തി ഉയരുന്നത്.

 

 

 

Content Highlight: shivsena shinde group express their disappointment towards new cabinet ministry