ന്യൂദല്‍ഹി: ബീഫ് നിരോധനത്തെ കുറിച്ച് മലപ്പുറത്ത് മിണ്ടാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയായിരുന്നു ശിവസേന ചോദ്യം ഉന്നയിച്ചത്.
മലപ്പുറത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഫ് നിരോധനത്തെ കുറിച്ച് മിണ്ടാനുള്ള ചങ്കൂറ്റം ബി.ജെ.പിക്ക് ഉണ്ടോയെന്നാണ് ശിവസേനയുടെ ചോദ്യം.
ഗോവധവുമായി ബന്ധപ്പെട്ട് വ്യത്യസത് നിലപാടുകള്‍ സ്വീകരിക്കുന്നതിനേയും പത്രം വിമര്‍ശിക്കുന്നുണ്ട്. ഗോവധത്തില്‍ ബി.ജെ.പി സ്വീകരിക്കുന്നത് വ്യത്യസ്തമായ നിലപാടുകള്‍ ആണെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവസേന മുഖപത്രത്തില്‍ പറയുന്നു.
Dont Miss വാത്മീകി മഹര്‍ഷിയെ അപമാനിച്ചെന്ന പരാതിയില്‍ നടി രാഖി സാവന്തിനെതിരെ കോടതിയുടെ അറസ്റ്റ് വാറണ്ട്
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തു ജയിപ്പിച്ചാല്‍ ആവശ്യാനുസരണം മണ്ഡലത്തിലെങ്ങും നല്ല ബീഫ് ലഭ്യമാക്കാമെന്നായിരുന്നു മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ഉറപ്പ്. ഗുണമേന്‍മയുളള ബീഫ് കടകള്‍ തുടങ്ങാന്‍ മുന്‍കയ്യെടുക്കുമെന്നും സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശ് മലപ്പുറം പ്രസ്‌ക്ലബിന്റെ “മീറ്റ് ദി പ്രസ്” പരിപാടിയില്‍ പറഞ്ഞിരുന്നു.
ദേശീയ തലത്തില്‍ ഗോവധത്തിനും ബീഫിനും എതിരായ നിലപാട് ബിജെപി കടുപ്പിക്കുമ്പോഴാണ്, ജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്ന മലപ്പുറത്തെ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വാഗ്ദാനം.
നല്ല ബീഫ് കഴിക്കുന്നതിനോട് ബി.ജെ.പിക്ക് എതിര്‍പ്പില്ലെന്നായിരുന്നു ശ്രീപ്രകാശിന്റെ വാക്കുകള്‍. ബീഫ് നിരോധനമുളള സംസ്ഥാനങ്ങളില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതാണ് നിയമലംഘനമാവുന്നത്. കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് പല സംസ്ഥാനങ്ങളിലും ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പല സംസ്ഥാനങ്ങളിലും ചത്ത കാലികളുടെ മാംസം പോലും ഭക്ഷണമാക്കുന്നുണ്ട്. ബീഫ് നിരോധനത്തെ അനുകൂലിക്കുന്നയാള്‍ എന്ന പേരില്‍ തനിക്കാരും വോട്ടു ചെയ്യാതിരിക്കരുതെന്നും ശ്രീപ്രകാശ് അഭ്യര്‍ഥിച്ചിരുന്നു.