| Saturday, 25th April 2020, 5:29 pm

വേണ്ടി വന്നാല്‍ മെയ് 28ന് ഉദ്ദവ് താക്കറേ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; മഹാരാഷ്ട്രയില്‍ ശിവസേന പദ്ധതി ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറേയുടെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചാണ് ശിവസേനയുടെ ഇപ്പോഴത്തെ ആലോചന. എം.എല്‍.സിയായി ഉദ്ദവ് താക്കറേയെ നാമനിര്‍ദേശം ചെയ്യാന്‍ ഗവര്‍ണറോട് മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും ഗവര്‍ണര്‍ അത് നടപ്പിലാക്കാന്‍ വൈകുന്നതാണ് ശിവസേനയെ ചൊടിപ്പിക്കുന്നത്.

നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറേ അധികാരമേല്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എം.എല്‍.എയാവാതെയാണ് ഉദ്ദവ് മുഖ്യമന്ത്രിയായത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164 പ്രകാരം ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എം.എല്‍.എയല്ലാതെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെങ്കില്‍ ആറ് മാസത്തിനകം എം.എല്‍.എയാവേണ്ടതുണ്ട്. അല്ലെങ്കില്‍ സ്ഥാനം നഷ്ടമാവും.

മെയ് 28നുള്ളില്‍ ആണ് ഉദ്ദവ് താക്കറേ എം.എല്‍.എയാവേണ്ടത്. മഹാരാഷ്ട്രയില്‍ രണ്ട് സംവിധാനങ്ങളാണുള്ളത്. നിയമസഭയും നിയമ കൗണ്‍സിലും. മാര്‍ച്ച് 26ന് രാജ്യസഭ തെരഞ്ഞെടുപ്പിനോടൊപ്പം നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ എം.എല്‍.സിയായി മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാമെന്നായിരുന്നു ഉദ്ദവ് താക്കറേയും ശിവസേനയും കരുതിയിരുന്നത്.

എന്നാല്‍ രാജ്യത്ത് കൊവിഡ് 19 വ്യാപനം നടന്നതോടെ തെരഞ്ഞെടുപ്പുകളെല്ലാം നീട്ടിവെച്ചു. അതോടെ ഉദ്ദവും ശിവസേനയും കരുതിവെച്ചിരുന്ന വഴി അടഞ്ഞു.

ഇതിനെ തുടര്‍ന്നാണ് ഉദ്ദവ് താക്കറേയെ ഗവര്‍ണര്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയുന്ന എം.എല്‍.സി പട്ടികയില്‍ ഉള്‍പ്പെടുത്തി നാമനിര്‍ദേശം ചെയ്യാമെന്ന വഴിയിലേക്ക് ശിവസേന എത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ മെല്ലെപോക്ക് നടത്തുകയാണെന്നാണ് ശിവസേന ഇപ്പോള്‍ ആരോപിക്കുന്നത്. എന്നാല്‍ മറ്റ് ചില കാര്യങ്ങള്‍ ശിവസേന ഇപ്പോള്‍ ആലോചിക്കുന്നുണ്ട്. അവ ഇവയാണ്.

1. ലോക്ഡൗണിന് ശേഷം പ്രത്യേക മന്ത്രിസഭ യോഗം ചേര്‍ന്നതിന് ശേഷം ഒഴിവുള്ള ലെജിസ്ലേറ്റീവ് കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുക. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് നടത്തുകയും ചെയ്താല്‍ ഉദ്ദവ് താക്കറേയ്ക്ക് മത്സരിക്കുകയും മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുകയും ആവാം.

2. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുക. ഈ സമ്മേളനത്തില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ ഉദ്ദവ് താക്കറേയെ നാമനിര്‍ദേശം ചെയ്യുക. അല്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാത്ത ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുക.

3. ആറ് മാസത്തെ കാലാവധി തീരുന്ന മെയ് 28ന് ഉദ്ദവ് താക്കറേ രാജിവെക്കുക. അത് കഴിഞ്ഞ് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് വീണ്ടും അധികാരമേല്‍ക്കുക. അപ്പോള്‍ ആറ് മാസ കാലാവധി വീണ്ടും ലഭിക്കും. പക്ഷെ അടുത്തിടെ കോടതി ഈ തരത്തിലുള്ള നീക്കം ഭരണഘടന വിരുദ്ധമാണെന്ന് വിലയിരുത്തിയത് ശിവസേനയ്ക്ക് തടസ്സമാവും.

ഇനിയും ഒരു മാസം കൂടി ഉള്ളതിനാല്‍ ഗവര്‍ണര്‍ തീരുമാനമെടുത്തേക്കും എന്ന് തന്നെയാണ് ശിവസേന നേതാക്കള്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more