കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും ഒന്നിച്ചു; പങ്കജ മുണ്ടെയുടെ കോട്ടയില്‍ ബി.ജെ.പിയ്‌ക്കെതിരെ വിജയം
national news
കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും ഒന്നിച്ചു; പങ്കജ മുണ്ടെയുടെ കോട്ടയില്‍ ബി.ജെ.പിയ്‌ക്കെതിരെ വിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th December 2019, 8:03 pm

മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ വിജയിച്ച ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിന് തുടര്‍വിജയം. ബീഡിലെ പര്‍ളിയില്‍ മഹാവികാസ് അഗാഡിയുടെ സ്ഥാനാര്‍ത്ഥി സര്‍പഞ്ച് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെട്ടത്.

പര്‍ളി തഹസീലിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ സിര്‍സല പഞ്ചായത്ത് സര്‍പഞ്ച് സ്ഥാനത്തേക്കാണ് മഹാവികാസ് അഗാഡിയുടെ വിജയം. ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ബി.ജെ.പിയോട് ഇടഞ്ഞു നില്‍ക്കുന്ന പങ്കജ മുണ്ടെയുടെ ശക്തികേന്ദ്രമാണ് സിര്‍സല. അത് കൊണ്ട് തന്നെ ഇവിടെ ആര് വിജയിക്കുമെന്നത് സംസ്ഥാനത്ത് തന്നെ ചര്‍ച്ചയായിരുന്നു.

മഹാവികാസ് അഗാഡിയുടെ അശ്രുഭായ് കിരാവാലെ 1396 വോട്ടിനാണ് വിജയിച്ചത്. ഇവിടെ സ്ഥിരമായി ബി.ജെ.പിയാണ് വിജയിച്ചിരുന്നത്.

സിര്‍സലയിലെ തോല്‍വിയെ ചൊല്ലി ബി.ജെ.പിക്കകത്ത് ചര്‍ച്ചകളുണ്ടാവാന്‍ സാധ്യതകളേറെയാണ്. പ്രത്യേകിച്ച് പങ്കജ മുണ്ടെ ബി.ജെ.പി വിട്ട് ശിവസേനയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ വരുന്ന സമയമായതിനാല്‍.