മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി മൂന്ന് പാര്‍ട്ടികളും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുണ്ടെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. രണ്ടരവര്‍ഷം വീതം ഭരിക്കാമെന്നാണു വിചാരിച്ചതെങ്കിലും ശിവസേന ഉറച്ചുനിന്നതിനാല്‍ തങ്ങള്‍ അതില്‍ വിട്ടുവീഴ്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘അത്തരമൊരു സാഹചര്യം വന്നപ്പോള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ വേറെ വഴിയില്ലായിരുന്നു. ആരെങ്കിലുമൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നു. സേനയില്‍ നിന്നു മാത്രമല്ല വിട്ടുവീഴ്ചയുണ്ടായത്. എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നുമുണ്ടായി. കോണ്‍ഗ്രസ് മതേതരത്വത്തില്‍ ഉറച്ചുനിന്നപ്പോള്‍ സേനയ്ക്ക് അതംഗീകരിക്കേണ്ടി വന്നു.’- അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനാകില്ലെന്ന ചിന്ത ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘പല സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പിനു മുന്‍പ് പരസപരം മത്സരിച്ചവര്‍ സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കു വേണ്ടി ഫലം വന്നതിനുശേഷം ഒന്നിച്ചിട്ടുണ്ട്.
ആശയങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ആ പ്രശ്‌നം പൊതുമിനിമം പരിപാടിയിലൂടെ മറികടന്ന് അവര്‍ സര്‍ക്കാരുണ്ടാക്കാറുണ്ട്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതു ചെലവു കൂട്ടും.
ഇന്ത്യയില്‍ മാത്രമല്ല, യൂറോപ്പില്‍, ജര്‍മനിയില്‍, വര്‍ഷങ്ങളായി സഖ്യസര്‍ക്കാരുകളാണുണ്ടാകുന്നത്. അതുകൊണ്ടു വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാനാകില്ലെന്ന ചിന്ത ശരിയല്ല.
1999-ല്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. വാജ്‌പേയി മുന്നോട്ടുവന്നത് അവിടെയാണ്. അദ്ദേഹത്തിന്റെ സര്‍ക്കാരില്‍ ജോര്‍ജ് ഫെര്‍ണാണ്ടസും മമതാ ബാനര്‍ജിയും ഉണ്ടായിരുന്നു. അവരെല്ലാം വ്യത്യസ്തരാണ്.
ബി.ജെ.പിയുടെ ചില ചിന്തകളെയും പദ്ധതികളെയും മാറ്റിനിര്‍ത്താന്‍ വാജ്‌പേയി അവിടെ തീരുമാനിച്ചു. രാമജന്മഭൂമി വിഷയത്തില്‍ തൊടേണ്ടതില്ല എന്നദ്ദേഹം തീരുമാനിച്ചു. അഞ്ചുവര്‍ഷം വിജയകരമായി അദ്ദേഹം സര്‍ക്കാര്‍ നടത്തി.
സഖ്യസര്‍ക്കാരാകുമ്പോള്‍ നിങ്ങള്‍ക്കു മറ്റു കാര്യങ്ങള്‍ മറക്കേണ്ടിവരും. 1978-ല്‍ ഞാന്‍ ഒരു സഖ്യസര്‍ക്കാര്‍ ഉണ്ടാക്കി. അന്നു ഞാനൊരു കോണ്‍ഗ്രസുകാരനായിരുന്നു. അന്നു ജനതാ പാര്‍ട്ടിയും ജനസംഘവും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും അതിലുണ്ടായിരുന്നു. അതില്‍ ഇടതുപാര്‍ട്ടികളുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും പെസന്റ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെയും പിന്തുണയുണ്ടായിരുന്നു.
പ്രതിപക്ഷത്തിന് എപ്പോഴും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടിവരും. പല സംസ്ഥാനങ്ങളിലും അങ്ങനെയുണ്ട്. ഉദാഹരണത്തിനു കേരളത്തില്‍, വര്‍ഷങ്ങളായി ഇങ്ങനെ സഖ്യമുണ്ട്. എന്റെ പാര്‍ട്ടി അതില്‍ ഭാഗമാണ്.’- അദ്ദേഹം പറഞ്ഞു.
സഖ്യത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് എന്താണു നിലപാടെന്ന് അറിയില്ലെന്നും അദ്ദേഹത്തെക്കണ്ടിട്ടു രണ്ടു മൂന്നു മാസമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അജിത് പവാറുമായി പാര്‍ട്ടിയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹത്തിന്റെ സര്‍ക്കാരിലെ റോളിനെക്കുറിച്ച് അറിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
നരേന്ദ്ര മോദിക്കു ബദല്‍ പൊതുജനം പ്രതീക്ഷിച്ചെന്നും എന്നാല്‍ അതു നല്‍കാന്‍ കഴിയാത്തതു പ്രതിപക്ഷത്തിന്റെ വീഴ്ചയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വ ഭേദഗതി ബില്ലിനോട് എന്‍.സി.പി യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.