മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ വിമര്‍ശനവുമായി ശിവസേന എം. പി സഞ്ജയ് റാവത്ത്. ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് റാവത്ത് വിമര്‍ശിച്ചു.
മമതയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക് 24 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. ഈ രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് വ്യക്തമാണ്. ഇത് ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളുടെ പരമാധികാരത്തിനു നേരെയുമുള്ള കടന്നുകയറ്റമാണിത്. ബംഗാള്‍ കടുവയ്ക്ക് ഐക്യദാര്‍ഢ്യം,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് മമത ഇന്ന് മായോ റോഡ് വെന്യുവിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്ന് ധര്‍ണ നടത്തുകയും ചെയ്തിരുന്നു.
രണ്ട് വിഷയത്തിലും മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മമത നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു വിമര്‍ശനം. ബി.ജെ.പി എന്തുപറഞ്ഞാലും അതുമാത്രം കേള്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് മമത പറഞ്ഞത്.
തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്ന ഒന്നും കമ്മീഷന്‍ കേള്‍ക്കുന്നില്ലെന്നും മമത പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shivsena MP Sanjay Raut says EC banned Mamata on behest of BJP