| Saturday, 16th November 2019, 8:23 pm

എന്‍.ഡി.എ ഘടകങ്ങളുടെ യോഗത്തില്‍ ശിവസേന പങ്കെടുക്കില്ലെന്ന് അറിയിച്ച് സഞ്ജയ് റാവത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ശിവസേന പോര് നിലനില്‍ക്കെ നവംബര്‍ 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ദില്ലിയില്‍ വെച്ച് നടക്കുന്ന എന്‍.ഡി.എ ഘടകങ്ങളുടെ ഞായറാഴ്ചയിലെ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ശിവസേന അറിയിച്ചു.

നവംബര്‍ 17ന് നടക്കുന്ന യോഗത്തില്‍ ശിവസേന സഹകരിക്കില്ലെന്ന് സേന എം.പി സഞ്ജയ് റാവത്താണ് അറിയിച്ചത്. അന്നേദിവസം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചരമ വാര്‍ഷികം കൂടിയാണ്.

‘എന്‍.ഡി.എയുടെ മീറ്റിംങ് നവംബര്‍ 17ന് നടക്കുന്നതായാണ് ഞാന്‍ അറിഞ്ഞത്. മഹാരാഷ്ട്രയില്‍ നടക്കുന്ന സാഹചര്യങ്ങള്‍ അനുസരിച്ച് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്’, റാവത്ത് പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാരില്‍ നിന്ന് നവംബര്‍ 11ന് രാജിവെച്ച ശിവസേനയുടെ ഏക മന്ത്രി അരവിന്ദ് സാവന്തിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന് പൊതു മിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി നേതാവ് ശരദ് പവാറും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും തമ്മില്‍ ഞായറാഴ്ച കൂടിക്കാഴ്ച കാണാനിരിക്കെയാണ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും പൊതു മിനിമം പരിപാടികളുമാണ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുക.

രാഷ്ട്രപതി ഭരണത്തിന്റെ പേരില്‍ നടക്കുന്നത് കുതിരക്കച്ചവടമാണെന്ന് നേരത്തേ ശിവസേന ബി.ജെ.പിക്കെതിരെ ആരോപിച്ചിരുന്നു. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ബി.ജെ.പിക്കെതിരെ ആരോപണവുമായി എത്തിയിരിന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

105 സീറ്റുകളുള്ള ബി.ജെ.പി അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പിന്നെ എങ്ങനെയാണ് അവര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുകയെന്ന് പറയുകയെന്നും ശിവസേന സാമ്‌നയില്‍ എഴുതിയിരുന്നു.

കുതിരക്കച്ചവടത്തിന്റെ ഉദ്ദേശ്യം ഇപ്പോള്‍ വ്യക്തമാവുകയാണ്. സുതാര്യമായ ഭരണം വാഗ്ദാനം ചെയ്യുന്നവരുടെ നുണകള്‍ ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. അനീതി പരമായ വഴികള്‍ രാജ്യത്തിന്റെ പാരമ്പര്യത്തിന് എതിരാണെന്നും അതില്‍ പറഞ്ഞു.

288 അംഗങ്ങളുള്ള സഭയില്‍ 119 എംഎല്‍എ മാരുടെ പിന്തുണയോടെ ഉടന്‍ തന്നെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് വെള്ളിയാഴ്ച മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more