മുംബൈ: ദേശീയ തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഉണ്ടാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശിവസേന എം. പി സഞ്ജയ് റാവത്ത്. എന്‍.സി.പി നേതാവ് ശരദ് പവാറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും അദ്ദേഹം പറഞ്ഞു.
ദേശീയ തലത്തില്‍ ഉണ്ടാക്കുന്ന സഖ്യത്തിന്റെ ആത്മാവ് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ഒരു സഖ്യം ഉണ്ടാവേണ്ടതുണ്ട്. കോണ്‍ഗ്രസിനെ ഒഴിച്ചു നിര്‍ത്തി അത്തരമൊരു സഖ്യമില്ല. കോണ്‍ഗ്രസായിരിക്കും അതിന്റെ ആത്മാവ്. നേതൃത്വം സംബന്ധിച്ച കാര്യങ്ങളൊക്കെ ചര്‍ച്ചകളിലൂടെ തീരുമാനിക്കും,’റാവത്ത് പറഞ്ഞു.
ആശയപരമായി വ്യത്യസ്ത തലങ്ങളിലുള്ള എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ ചേര്‍ത്തുകൊണ്ടാണ് മഹാ വികാസ് അഘാടി എന്ന സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുന്നതിന് രൂപീകരിച്ചത്. നേതൃത്വം ഉദ്ദവ് താക്കറെയെ തെരഞ്ഞെടുത്തു. ഇതൊരു മാതൃകാപരമായ സഖ്യമാണ്. അത് നന്നായി മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും അസമിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ബംഗാളില്‍ ഒറ്റ സീറ്റ് പോലും നേടാനാവാഞ്ഞത് ശരിയായ സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഒരു പാന്‍ ഇന്ത്യ പാര്‍ട്ടിയാണ്. ഈ വിഷയങ്ങളൊക്കെ ഞാന്‍ ശരദ് പവാറുമായി ചര്‍ച്ച ചെയ്തു. പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ ആരംഭിക്കും,’ സഞ്ജയ് റാവത്ത് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക