മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ഇന്ന് വൈകീട്ട് ചുമതലയേറ്റേക്കും. സത്യപ്രതിജ്ഞ വൈകീട്ട് ഏഴരക്ക് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പത്രസമ്മേളനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദേവേന്ദ്ര ഫഡ്‌നാവിസിന്റെ മുംബൈയിലെ സാഗര്‍ ബംഗ്ലാവില്‍ വെച്ച് ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗം ഇന്ന് നടന്നിരുന്നു. പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വേണ്ടിയായിരുന്നു യോഗം ചേര്‍ന്നത്.
ഇതിനിടെയാണ് ശിവസേനാ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലെത്തിയത്. മുംബൈയിലെത്തിയ ഷിന്‍ഡെ ഫഡ്‌നാവിസിനൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിരുന്നു.
അതിന് മുമ്പ് ഫഡ്‌നാവിസിന്റെ വസതിയിലും ഷിന്‍ഡെ സന്ദര്‍ശനം നടത്തിയിരുന്നു.
മഹാവികാസ് അഘാഡി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച ഏക്‌നാഥ് ഷിന്‍ഡെയും അദ്ദേഹത്തിനൊപ്പമുള്ള മറ്റ് എം.എല്‍.എമാരും ആദ്യം അസമിലായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് ഗോവയിലേക്ക് പോകുകയായിരുന്നു.
അല്‍പസമയം മുമ്പാണ് ഷിന്‍ഡെ മുംബൈയിലെത്തിയത്.
മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടത്താനാണ് ഷിന്‍ഡെ മുംബൈയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മന്ത്രിസ്ഥാനങ്ങള്‍ വിഭജിക്കുന്നത് സംബന്ധിച്ച് ഇതുവരെ ബി.ജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ വൈകാതെ ചര്‍ച്ച നടത്തുമെന്നും നേരത്തെ ഷിന്‍ഡെ പറഞ്ഞിരുന്നു.
”ഏതൊക്കെ, എത്രയൊക്കെ മന്ത്രിസ്ഥാനങ്ങള്‍ എന്നത് സംബന്ധിച്ച് ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. പക്ഷെ അത് ഉടനെ ഉണ്ടാകും. അതുവരെ മന്ത്രിസ്ഥാനം സംബന്ധിച്ച് പുറത്തുവരുന്ന ലിസ്റ്റുകളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുത്,” എന്നായിരുന്നു ഷിന്‍ഡെ ട്വീറ്റ് ചെയ്തത്.
ശിവസേന സ്ഥാപകന്‍ ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വ ഐഡിയോളജി തന്നെ തുടരുക എന്നതിലാണ് തങ്ങളുടെ പാര്‍ട്ടിയുടെ ശ്രദ്ധ എന്നും ഷിന്‍ഡെ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഷിന്‍ഡെ നേരത്തെ ഗോവയില്‍ യോഗം ചേര്‍ന്നിരുന്നു. ഷിന്‍ഡെയുള്ള നേതൃത്വത്തിലുള്ള ശിവസേനാ വിമത നേതാക്കളാണ് ഗോവയില്‍ യോഗം ചേര്‍ന്നത്.
ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായത്.
അതേസമയം, രാജി വെക്കുന്നതിന് തൊട്ടുമുമ്പായി ഔറംഗാബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഉത്തരവിറക്കിയത് വിവാദമായിട്ടുണ്ട്.
ഔറംഗാബാദിന്റേത് പേര് സാംബാജി നഗര്‍ എന്നും ഒസ്മാനാബാദിന്റേത് ധാരാശിവ് എന്നുമാണ് മാറ്റിയത്. രാജി വെക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഉദ്ധവ് താക്കറെ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
തന്റെ മറാത്ത- ഹിന്ദുത്വ ഐഡിയോളജി വെളിപ്പെടുത്താനുള്ള ഉദ്ധവ് താക്കറെയുടെ നീക്കമായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.
Content Highlight: Shivsena leader Eknath Shinde to sworn in as Maharashtra CM today, says BJP leader Devendra Fadnavis