| Friday, 14th August 2020, 1:30 pm

അത് ചായക്കോപ്പയിലെ കൊടുങ്കാറ്റുപോലുമല്ല; പാര്‍ത്ഥും പവാറും പ്രശ്‌നത്തില്‍ ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പവാര്‍ കുടുംബത്തില്‍ ഉടലെടുത്ത പുതിയ പ്രശ്‌നത്തിന് വലിയ പ്രാധാന്യമൊന്നുമില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ സഖ്യ കക്ഷിയായ ശിവസേന. ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും രാം ക്ഷേത്ര ഭൂമി പൂജയെ സ്വാഗതം ചെയ്യുകയും ചെയ്ത പാര്‍ത്ഥ് പവാറിന്റെ നടപടി മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. തന്റെ സഹോദര പുത്രനായ അജിത്ത് പവാറിന്റെ മകന്‍ പാര്‍ത്ഥ് പവാറിന്റെ നടപടികളെ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പവാര്‍ കുടുംബത്തില്‍ വീണ്ടും തര്‍ക്കമോ എന്ന ചര്‍ച്ച ആരംഭിച്ചിരുന്നു.

പാര്‍ത്ഥ് മുതിര്‍ന്ന നേതാവും പവാര്‍ കുടുംബത്തിലെ കാരണവരുമായ ശരദ് പവാറിന്റെ വാക്കുകള്‍ ഉപദേശമായും വളര്‍ന്നുവരുന്ന ഒരു രാഷ്ട്രീയക്കാരന് നല്‍കുന്ന അനുഗ്രഹമായും കണക്കാക്കണമെന്നാണ് ശിവസേനയുടെ പ്രതികരണം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

‘ശരദ് പവാറിന്റെ ഒരു ഉപദേശ വാക്കിന് ഇളകി മറിയുന്ന കൊടുങ്കാറ്റിന്റെ ശക്തിയുണ്ട്. അതിനെ കൊടുങ്കാറ്റ് എന്നുതന്നെയാണ് നിങ്ങള്‍ വിളിക്കുന്നതെങ്കില്‍ അതുതന്നെയാണ് ഉചിതമായ വാക്ക്. അതൊരു കൊടുങ്കാറ്റ് തന്നെയാണ്. ഇപ്പോള്‍ നടക്കുന്നത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലുമല്ല. പക്ഷേ, മാധ്യമങ്ങളതിന് വലിയ വാര്‍ത്താ പ്രാധാന്യം നല്‍കുന്നുണ്ട്. 24 മണിക്കൂറും മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് ചില മിര്‍ച്ചി മസാലകള്‍ ആവശ്യമാണ്. അതിനുവേണ്ടി അവര്‍ ചില അജണ്ടകള്‍ മുന്നില്‍വെച്ച് കൃത്രിമ കൊടുങ്കാറ്റുകള്‍ സൃഷ്ടിച്ചെടുക്കുകയാണ്’, സാമ്‌നയുടെ എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

രാഷ്ട്രീയത്തില്‍ ഇത്തരത്തിലുള്ള പല കയ്‌പേറിയ അനുഭവങ്ങളും ഉണ്ടാകാറുണ്ട്. ശിവസേനയുടെ സ്ഥാപകന്‍ ബാല്‍താക്കറെയെയും സമാന രീതിയില്‍ അനാവശ്യ വിഷയങ്ങളിലേക്ക് വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി, പി.വി നരസിംഹ റാവു. അടല്‍ ബിഹാരി വാജ്‌പേയി, മോദി അടക്കമുള്ള ആളുകളും ഇതിന്റെ കയ്പ് രുചിക്കേണ്ടി വന്നിട്ടുണ്ടെന്നും ശിവസേന സാമ്‌നയില്‍ ചൂണ്ടിക്കാട്ടി.

ശരദ് പവാറിന്റെ വാക്കുകളെ മുത്തച്ഛന്റെ ഉപദേശമായി കണക്കാക്കിയാല്‍ പാര്‍ത്ഥിന്റെ മാനസിക സമ്മര്‍ദ്ദം കുറഞ്ഞുകിട്ടും. അതൊരു അനുഗ്രഹമാണ്. പാര്‍ത്ഥ് പവാര്‍ രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. കൂടുതല്‍ അധ്വാനം ചെയ്യേണ്ടി വരുമെന്നും സേന പറഞ്ഞു.

അതേസമയം, മഹാരാഷ്ട്രയില്‍ പവാര്‍ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് വിരാമമാകുന്നെന്നാണ് സൂചന. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ ശാസനയ്ക്ക് പിന്നാലെ പാര്‍ത്ഥ് വ്യാഴാഴ്ച രാത്രിയോടെ ശരദ് പവാറിന്റെയും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും വസതികളിലെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shiv Sena downplays Sharad Pawar’s ‘immature’ remark for Parth

We use cookies to give you the best possible experience. Learn more