| Wednesday, 13th November 2019, 10:55 am

'അടിയന്തരവാദം വേണ്ട'; ഗവര്‍ണറുടെ നടപടിക്കെതിരെ ഇന്നലെ നല്‍കിയ ഹരജി പരിഗണിക്കേണ്ടെന്ന് ശിവസേന; ഇനിയും സമയം വേണമെന്ന് എന്‍.സി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാറിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യത്തില്‍ നിന്നു പിന്മാറി ശിവസേന. ഇപ്പോള്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കേണ്ടെന്നും ആവശ്യത്തിന് എം.എല്‍.എമാരുടെ പിന്തുണയായിക്കഴിഞ്ഞ ശേഷം പുതിയ ഹരജി സമര്‍പ്പിക്കാമെന്നും കോടതിയില്‍ സേന അറിയിച്ചു.

ഇന്നലെ നല്‍കിയ ഹരജിയില്‍ പറഞ്ഞിരിക്കുന്ന ഒരു വാദത്തെക്കുറിച്ചും ശിവസേനാ അഭിഭാഷകനായ സുനില്‍ ഫെര്‍ണാണ്ടസ് കോടതിയില്‍ പരാമര്‍ശിച്ചില്ല. എന്നാണു പുതിയ ഹരജി സമര്‍പ്പിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തങ്ങള്‍ക്കു ഭൂരിപക്ഷം തെളിയിക്കാന്‍ മൂന്നു ദിവസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.സി.പി നേതാവ് അജിത് പവാര്‍ ഗവര്‍ണര്‍ക്കു കത്തയച്ചു.

കോണ്‍ഗ്രസ് നേതാക്കളാരും സ്ഥലത്തില്ലെന്നും അതിനാലാണ് സര്‍ക്കാര്‍ രൂപീകരണത്തിനു കൂടുതല്‍ സമയം വേണ്ടതെന്നും പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തിനു ശേഷം പവാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

രണ്ടുദിവസം കൂടി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സമയം നീട്ടിത്തരണമെന്ന ശിവസേനയുടെ ആവശ്യം ഗവര്‍ണര്‍ നിഷേധിച്ചിരുന്നു. ബി.ജെ.പിയ്ക്ക് 48 മണിക്കൂര്‍ ലഭിച്ചിരുന്നെന്നും തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമേ ലഭിച്ചിരുന്നുള്ളു എന്നുമാണ് അപേക്ഷയിലുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശിവസേനാ നേതാവ് ആദിത്യാ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍ക്കാര്‍ രൂപീകരണത്തിനു രണ്ടുദിവസം നീട്ടിത്തരണമെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചത്. എന്നാല്‍ ഗവര്‍ണര്‍ ശിവസേനയുടെ ആവശ്യം തള്ളുകയായിരുന്നു.

അതിനുശേഷമാണ് ശിവസേന സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച് ഹരജി നല്‍കിയത്.

We use cookies to give you the best possible experience. Learn more