മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിക്കസേരയ്ക്കുവേണ്ടിയുള്ള ചരടുവലി അവസാനിക്കുന്നില്ല. മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ആവര്‍ത്തിക്കുകയാണ് ശിവസേന.
മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് അവകാശപ്പെട്ടതാണെന്നും അതില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പിയെക്കൂടാതെ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്കാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘മുഖ്യമന്ത്രി ശിവസേനയില്‍നിന്നായിരുക്കും. ഉദ്ധവ് താക്കറെ അങ്ങനെത്തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇത് എഴുതിവെച്ചോളൂ, മുഖ്യമന്ത്രി ശിവസേനയില്‍നിന്ന് തന്നെയായിരിക്കും’, സഞ്ജയ് റാവത്ത് പറഞ്ഞു.
മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയ്ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
‘ആര്‍ക്കാണോ ഭൂരിപക്ഷമില്ലാത്തത്, അവര്‍ക്കാണ് സര്‍ക്കാരുണ്ടാക്കാന്‍ ധൈര്യമില്ലാത്തത്. മഹാരാഷ്ട്രയില്‍ എങ്ങനെ സഖ്യമുണ്ടാക്കണമെന്നതിനെക്കുറിച്ച് സഖ്യത്തിന് മുമ്പേ ചര്‍ച്ച ചെയ്തിരുന്നതാണ്’, റാവത്ത് വിശദീകരിച്ചു.
ഇരുപാര്‍ട്ടികള്‍ക്കുമായി അഞ്ച് വര്‍ഷത്തെ മുഖ്യമന്ത്രി സ്ഥാനം വീതിച്ച് നല്‍കണമെന്നായിരുന്നു ശിവസേന തെരഞ്ഞെടുപ്പിന് മുമ്പേ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാനുള്ള സേനയുടെ ആവശ്യത്തിന് വഴങ്ങില്ലെന്ന നിലപാടിലാണ് ദേവേന്ദ്ര ഫഡ്നാവിസ്. ഇല്ലാത്ത വാഗ്ദാനത്തിന്റെ പേരില്‍ കള്ളപ്രചാരണം നടത്തി മുഖ്യമന്ത്രിയാവാമെന്ന് ആരും കരുതേണ്ടെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
അതേസമയം, തര്‍ക്കങ്ങള്‍ മുറുകവേ നിയമസഭാ കക്ഷി യോഗത്തില്‍നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിട്ടുനിന്നിരുന്നു. നാല് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണകൂടി ഉറപ്പിച്ച സേന പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ നീക്കം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ