മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുകയാണ്. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത ഭാഷയില്‍ പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി ഓര്‍ക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
50:50 ഫോര്‍മുലയില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയായണെന്നും അത് അമിത് ഷായും ഉദ്ധവ് താക്കറെയുമായുള്ള തെരഞ്ഞെടുപ്പിന് മുമ്പേയുള്ള ചര്‍ച്ചയില്‍ തീരുമാനമായതാണെന്നും ശിവസേന ആവര്‍ത്തിച്ചു.
‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെ ഇല്ല. സത്യമായ രാഷ്ട്രീയം മാത്രമാണ് ഞങ്ങള്‍ മഹാരാഷ്ട്രയില്‍ ചെയ്യുന്നത്. ഞങ്ങളെ അധികാരത്തില്‍നിന്നും അകറ്റാനുള്ള ശ്രമം ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ അത് സത്യസന്ധമായ രാഷ്ട്രീയത്തിന് നിരക്കുന്നതല്ല. എന്താണ് സംഭവിക്കുന്നതെന്നും ഏത് പരിധിവരെ ആളുകള്‍ക്ക് താഴാന്‍ കഴിയുമെന്നതുമാണ് ഞങ്ങള്‍ നിരീക്ഷിക്കുന്നത്’, സഞ്ജയ് റാവത്ത് പറഞ്ഞു.
ഹരിയാനയില്‍ ബി.ജെ.പിക്ക് ജെ.ജെ.പി പിന്തുണ നല്‍കിയതും സര്‍ക്കാരുണ്ടാക്കിയതും ഉന്നംവച്ചാണ് സഞ്ജയുടെ പരാമര്‍ശം. തര്‍ക്കം രൂക്ഷമാകവെ, ശിവസേന നേതാവ് ദിവാകര്‍ റാവത്ത് ഇന്നലെ ഗവര്‍ണറെ കണ്ടിരുന്നു.
സഖ്യത്തില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയുയര്‍ത്തിയാണ് സഞ്ജയുടെ പരാമര്‍ശം. തങ്ങള്‍ക്ക് മറ്റ് സാധ്യതകളുമുണ്ടെന്നും അവക്കൊപ്പം നീങ്ങാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘ശിവസേനയ്ക്ക് അധികാരത്തിനായുള്ള ആര്‍ത്തിയില്ല. ഞങ്ങള്‍ക്ക് ജനാധിപത്യത്തെ കൊലയ്ക്ക് കൊടുക്കേണ്ട ആവശ്യവുമില്ല. പക്ഷേ, തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞുറപ്പിച്ചിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്’ അദ്ദേഹം കൂട്ടി
ച്ചേര്‍ത്തു.
തങ്ങളുടെ വാദം അംഗീകരിക്കാന്‍ ബി.ജെ.പി നേതൃത്വം തയ്യാറായില്ലെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്നും ശിവസേന വിട്ടുനിന്നേക്കുമെന്നാണ് സൂചന.
ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞിരുന്നു.
50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ