കൊല്ലം: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി മികച്ച പ്രകടനം നടത്തി. സീറ്റുകള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ലെങ്കിലും 16 ശതമാനം വോട്ട് വര്‍ധന ഉണ്ടായത് നേട്ടമാണ്. കേരളത്തിലെ ബി.ജെ.പിയുടെ ലക്ഷ്യം രണ്ട് വര്‍ഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാകണം. ഇവിടെ ജീവന്‍ പണയംവച്ച് പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെയും ബലിദാനികളെയും നമസ്‌ക്കരിക്കുന്നു’- ശിവരാജ് സിങ് കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കൂട്ടുകച്ചവടമാണ് നടത്തുന്നതെന്നും ഇരു മുന്നണിയും കേരളത്തില്‍ നിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ബി.ജെ.പി ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു ശിവരാജ് സിങ്.
പശ്ചിമബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാതെ ഇനി വിശ്രമമില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബി.ജെ.പി തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസ് ടെലഗ്രാം ചാനലിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമല്ലെന്ന അധീര്‍ രജ്ഞന്‍ ചൗധരിയുടെ ലോക്‌സഭയിലെ പരാമര്‍ശം വ്യക്തമാക്കുന്നത് അദ്ദേഹം ദേശസ്‌നേഹിയല്ലെന്നാണ്. അദ്ദേഹത്തിന്റെ സ്ഥാനം ദേശദ്രോഹികള്‍ക്കൊപ്പമാണ്. എല്ലാവര്‍ക്കും വീട്, ആയുഷ്മാന്‍ ഭാരത് പദ്ധതികളുടെ യഥാര്‍ത്ഥ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടുന്നില്ല. ഈ പദ്ധതികള്‍ക്കായുള്ള പണം വഴിമാറ്റി ചെലവഴിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്’.- ശിവരാജ് സിങ് ആരോപിച്ചു.