മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ശിവരാജ് സിംഗ് ചൗഹാന്‍; സഭയില്‍ ഹാജരാകാതെ പ്രതിപക്ഷ എം.എല്‍.എമാര്‍
Madhya Pradesh
മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പില്‍ വിജയിച്ച് ശിവരാജ് സിംഗ് ചൗഹാന്‍; സഭയില്‍ ഹാജരാകാതെ പ്രതിപക്ഷ എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 11:46 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. ഇന്ന് നിയമസഭയില്‍ ശബ്ദവോട്ടോടെയാണ് ശിവരാജ് സിംഗ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്.

വിശ്വാസവോട്ടെടുപ്പില്‍ നിന്ന് പ്രതിപക്ഷ എം.എല്‍.എമാര്‍ വിട്ടുനിന്നു. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിയമസഭയില്‍ ഹാജരായില്ല.

അതേസമയം ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം എന്‍.പി പ്രജാപതി രാജിവെച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് പ്രജാപതി രാജി സമര്‍പ്പിച്ചത്.


ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു സ്പീക്കറുടെ രാജി. ധാര്‍മ്മികതയുടെ പേരില്‍ രാജിവെക്കുന്നു എന്ന് രാജിക്കത്തില്‍ പ്രജാപതി വ്യക്തമാക്കി.

ഗോട്ഗാവില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയാണ് പ്രജാപതി.

22 എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടമായ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇത് നാലാം തവണയാണ് ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്.

WATCH THIS VIDEO: