| Tuesday, 15th December 2020, 9:41 am

'ഞങ്ങളായിട്ട് ആരെയും വീട്ടിലിരുത്താന്‍ ശ്രമിച്ചിട്ടില്ല'; കമല്‍നാഥ് രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെ ശിവരാജ് സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പോകുകയാണെന്ന സൂചനകള്‍ക്ക് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. അതൊക്കെ വ്യക്തിപരമായ തീരുമാനമാണെന്നാണ് ചൗഹാന്‍ പറഞ്ഞത്.

‘വീട്ടിലിരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമല്ലേ. അതൊക്കെ വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. മാത്രമല്ല, അദ്ദേഹം അതിനെക്കുറിച്ച് ചിന്തിക്കേണ്ടത് അനിവാര്യവുമാണ്. ഞങ്ങളായിട്ട് ആരെയും വീട്ടിലിരുത്താന്‍ ശ്രമിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞ്.

താന്‍ അല്പം വിശ്രമിക്കാന്‍ തയ്യാറാണെന്നായിരുന്നു കമല്‍നാഥ് കഴിഞ്ഞ ദിവസം പറഞ്ഞത്. ചിന്ദ്വാരയില്‍ നടന്ന പൊതു റാലിയില്‍ വെച്ചാണ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന സൂചന കമല്‍നാഥ് നല്‍കിയത്.

‘ഞാന്‍ അല്പം വിശ്രമിക്കാന്‍ തയ്യാറാണ്. എനിക്ക് ഒരു പദവിയോടും ആഗ്രഹമോ അത്യാഗ്രഹമോ ഇല്ല. ഇതിനകം തന്നെ ഞാന്‍ ഒരുപാട് നേടിയിട്ടുണ്ട്. ഇനി ഞാന്‍ വീട്ടില്‍ ഇരിക്കാന്‍ തയ്യാറാണ് ‘, എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്.

സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ രണ്ട് സ്ഥാനങ്ങളും വഹിക്കുന്ന കമല്‍നാഥ് മധ്യപ്രദേശിലെ 28 സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ പരാജയം നേരിട്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിക്കാന്‍ യുവാക്കള്‍ വരണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇത്തരമൊരു സമ്മര്‍ദ്ദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് രാഷ്ട്രീയം വിടുകയാണെന്ന സൂചന കമല്‍നാഥ് നല്‍കിയിരിക്കുന്നത്.

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ സെഹോറില്‍ നിന്നുള്ള അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ ഹര്‍പാല്‍ സിംഗ് കമല്‍ നാഥിനോട് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതൃപദവിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പദവിയും രാജിവെക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.

” 2019 ലെ തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞുകൊണ്ട് അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാതൃക കാണിച്ചു. അതേ മാതൃക തന്നെ കമല്‍നാഥ് പിന്തുടരണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് കമല്‍നാഥ് രാജിവെക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കമല്‍നാഥിന്റെയും ദിഗ്‌വിജയ് സിങ്ങിന്റെയും നേതൃത്വത്തിലാണ് ഈ തെരഞ്ഞെടുപ്പ് നടന്നത്, ഇനി അവര്‍ യുവ നേതാക്കള്‍ക്ക് വഴിയൊരുക്കണം, എന്നായിരുന്നു താക്കൂര്‍ പറഞ്ഞത്.

28 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 19 ലും ബി.ജെ.പിക്കായിരുന്നു വിജയം. ഒന്‍പത് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. ഇതോടെ ശക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ ഭൂരിപക്ഷം 126 ആയി മാറിയിരുന്നു. 96 ആണ് കോണ്‍ഗ്രസിന്റെ ഭൂരിപക്ഷം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shivraj Singh Chouhan On Kamal Nath’s Hints Of Retirement

Latest Stories

We use cookies to give you the best possible experience. Learn more