| Friday, 15th May 2020, 5:36 pm

മധ്യപ്രദേശ് ബി.ജെ.പിയില്‍ കലഹം; ആറ് എം.എല്‍.എമാര്‍ ബന്ധപ്പെട്ടുവെന്ന് കമല്‍നാഥ്, ആരൊക്കെ വരും എന്ന് നോക്കി കോണ്‍ഗ്രസും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സംസ്ഥാനത്തെ കൊവിഡ് മഹാമാരിയെ നേരിടുന്നതിനൊപ്പം പാര്‍ട്ടിയിലെ വിമത ശബദങ്ങളെയും ഒതുക്കേണ്ട സ്ഥിതിഥിയിലാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍. അസ്വാരസ്യങ്ങളെ തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും കോണ്‍ഗ്രസും

ജ്യോതിരാദിത്യ സിന്ധ്യയോടൊപ്പം ബി.ജെ.പിയിലെത്തിയ 22 മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷം പേരെയും മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. അതേ സമയം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ പാര്‍ട്ടിയിലെത്തിയവരോട് തോറ്റ ബി.ജെ.പി നേതാക്കളും പ്രതിഷേധത്തിലാണ്. ഈ വിഭാഗത്തില്‍ നിന്നുള്ള ചില നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി കഴിഞ്ഞു.

സംസ്ഥാനത്തെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായ കൈലാസ് ജോഷിയുടെ മകന്‍ ദീപക് ജോഷിയാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മുന്‍ ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ദീപക് ജോഷി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മനോജ് ചൗധരിയോട് പരാജയപ്പെട്ടിരുന്നു. മനോജ് ചൗധരി ഇപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഒരാളാണ്.

എന്റെ വഴികള്‍ തുറന്നുകിടക്കുകയാണ്. പാര്‍ട്ടി ഞങ്ങളുടെ പ്രക്ഷോഭങ്ങളെയും വികാരങ്ങളെയും വിലവെക്കുന്നില്ലെങ്കില്‍ ഞങ്ങളുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നാണ് ദീപക് ജോഷി ദ പ്രിന്റിനോട് പറഞ്ഞത്.

2018ല്‍ മത്സരിച്ച മറ്റ് ബി.ജെ.പി നേതാക്കളും പ്രതിഷേധത്തിലാണ്. ചില നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങള്‍ പോലുള്ളത് സ്വന്തമാക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ ഭാവിയെ ഓര്‍ത്ത് ഭയത്തിലാണ്.

ഈ തര്‍ക്കത്തെ ഉപയോഗപ്പെടുത്താനാവുമോ എന്ന ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയിലെ ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെടുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ഇപ്പോള്‍ ബി.ജെ.പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാക്കളോട് പരാജയപ്പെട്ട നേതാക്കള്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സുധീര്‍ യാദവ് എന്ന ബി.ജെ.പി നേതാവ് അത് തുറന്നു പറയുകയും ചെയ്തു.

We use cookies to give you the best possible experience. Learn more