| Monday, 24th August 2020, 5:28 pm

'വഴിതെറ്റിയ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ല'; കോണ്‍ഗ്രസ് നേതൃമാറ്റ തര്‍ക്കത്തിനിടെ വിമര്‍ശനവുമായി ശിവരാജ് സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃമാറ്റം സംബന്ധിച്ച തര്‍ക്കം മുറുകുന്നതിനിടെ രാഹുല്‍ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്‍. സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.

സത്യം പറയുന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി രാജ്യദ്രോഹികളെന്ന് വിളിക്കുന്നെന്നും കോണ്‍ഗ്രസിനെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്നും ശിവരാജ് സിഗ് ചൗഹാന്‍ പ്രതികരിച്ചു.

‘കോണ്‍ഗ്രസിന് ഒരു മുഴുനീള പാര്‍ട്ടി പ്രസിഡന്റിനെ വേണമെന്ന ആവശ്യമുന്നയിച്ചാണ് നേതാക്കള്‍ കത്തെഴുതിയത്. എന്നാല്‍ രാഹുല്‍ ഗാന്ധി അപ്പോള്‍ മുതല്‍ ഇവരെ രാജ്യദ്രോഹിയെന്ന് വിളിക്കുന്നു. സത്യം പറയുന്നവരെയൊക്കെ രാജ്യദ്രോഹികളായാണ് കോണ്‍ഗ്രസില്‍ കണക്കാക്കുക. ഇത് പോലെ വഴിതെറ്റിയ ഒരു പാര്‍ട്ടിയെ രക്ഷിക്കാന്‍ ഇനിയാര്‍ക്കും കഴിയില്ല,’ ശിവരാജ് സിംഗ് ചൗഹാന്‍ ട്വീറ്റ് ചെയ്തു.

നേരത്തെ 20 ലേറെ മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന് മുഴുനീള അധ്യക്ഷനെ വേണമെന്ന ആവശ്യമുന്നയിച്ച് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചിരുന്നു. ഇതേതുടര്‍ന്ന് താന്‍ രാജിവെക്കുകയാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ ബി.ജെ.പിയുമായി സഖ്യമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തെ ചോദ്യം ചെയ്തുകൊണ്ടു കത്തയച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ബി.ജെ.പിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു.

രാഹുല്‍ ഗാന്ധി അത്തരത്തിലൊരു വാക്ക് ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളിലും പ്രചരണങ്ങളിലും തെറ്റിദ്ധരിക്കപ്പെടരുതെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തു.

പരസ്പരം പോരടിക്കുകയും കോണ്‍ഗ്രസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതിന് പകരം മോദി സര്‍ക്കാരിന്റെ നിര്‍ദ്ദയമായ ഭരണത്തിനെതിരെ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടതെന്നും സുര്‍ജേവാല പ്രതികരിച്ചു. കപില്‍ സിബലിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലാണ്! ‘

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ” എന്നായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്. എന്നാല്‍ താന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് രാഹുല്‍ വ്യക്തിപരമായി അറിയിച്ചതുകൊണ്ട് ആ വിഷയത്തില്‍ ഇട്ട ട്വീറ്റ് താന്‍ പിന്‍വലിക്കുകയാണെന്ന് കപില്‍ സിബല്‍ അറിയിച്ചിരുന്നു.

ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നാണ് ഇത്തരമൊരു കത്തയച്ചതെന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും അത്തരത്തില്‍ കണ്ടെത്തിയാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാണെന്ന് ഗുലാം നബി ആസാദും പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shivraj Singh Chouhan criticizes congress as  ‘no one can save such a party’ amid row

We use cookies to give you the best possible experience. Learn more