| Saturday, 23rd June 2018, 11:43 pm

മോദിയും ഗാന്ധിയും മഹാപുരുഷന്മാര്‍; പ്രധാനമന്ത്രി രാജ്യത്തിനു ലഭിച്ച വരദാനം: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാ ഗാന്ധിയോടുപമിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഇന്‍ഡോറില്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സംബന്ധിച്ചു സംസാരിക്കുകയായിരുന്നു ചൗഹാന്‍. ചടങ്ങില്‍ സ്വച്ഛ് സര്‍വേക്ഷണ്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി മോദി.

മോദിയും ഗാന്ധിയും മഹാപുരുഷന്മാരായിരുന്നുവെന്നും, ഇരുവരുടെയും ഉദ്‌ബോധനങ്ങള്‍ ജനങ്ങള്‍ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും ചൗഹാന്‍ പറഞ്ഞു. വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കാനും നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനും ജനങ്ങളെ സ്വാധീനിച്ച ഗാന്ധിയെയും, എല്‍.പി.ജി. സബ്‌സിഡി വേണ്ടെന്നു വെക്കാനും യോഗ പരിശീലനത്തിലും ശുചിത്വ പരിപാടികളിലും പങ്കാളികളാകാനും ആഹ്വാനം ചെയ്ത മോദിയെയും ഒരേ തലത്തില്‍ വിലയിരുത്താമെന്നാണ് ചൗഹാന്റെ പക്ഷം.

“മുന്‍പു കാലങ്ങളില്‍ പലതരത്തിലുള്ള ക്യാമ്പയിനുകള്‍ ഉണ്ടായിട്ടും ഭോപ്പാലിലെ ജനങ്ങള്‍ വഴിയോരങ്ങളില്‍ പാന്‍ ചവച്ചു തുപ്പുന്നതോ ചപ്പുചവറുകള്‍ വഴിയിലുപേക്ഷിച്ച് റോഡ് വൃത്തികേടാക്കുന്നതോ നിര്‍ത്തിയിരുന്നില്ല. എന്നാല്‍, പ്രധാനമന്ത്രി രാജ്യത്തെ ശുചിയാക്കാനായി കൈയില്‍ ചൂലെടുത്തപ്പോള്‍ രാജ്യമൊന്നടങ്കം അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.” ശിവരാജ് സിംഗ് ചൗഹാന്‍ പറയുന്നു.


Also Read:ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള പാരിസ്ഥിതികാനുമതി എളുപ്പത്തില്‍ ലഭിക്കുന്നുവെന്ന് റോയിട്ടേസ് റിപ്പോര്‍ട്ട്


ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ ദയാല്‍ ഉപാധ്യായ്, മഹാത്മാ ഗാന്ധി എന്നിവരുടെ സ്വപ്‌നങ്ങള്‍ സഫലമാക്കാനാണ് മോദി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി രാജ്യത്തിനായി ദൈവം തന്ന വരദാനമാണെന്നും ചൗഹാന്‍ പറയുന്നു.

“ആര്‍ക്കും വിരല്‍ ചൂണ്ടാവുന്ന ഒരു രാജ്യമല്ല ഇന്ന് ഇന്ത്യ. നരേന്ദ്ര മോദിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. ഇന്ത്യയെ ശക്തിപ്പെടുത്താന്‍ ബദ്ധശ്രദ്ധനാണ് അദ്ദേഹം. നമ്മള്‍ ആരെയും ശല്യപ്പെടുത്തുന്നില്ല. എന്നാല്‍, നമുക്കു നേരെ ആരു വിരല്‍ ചൂണ്ടിയാലും തിരിച്ചടിക്കാനുള്ള പ്രാപ്തി നമുക്കുണ്ട്.” മോദി ഭരണത്തിലെ ഇന്ത്യയെക്കുറിച്ച് ചൗഹാന്‍ വേദിയില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more