| Sunday, 22nd November 2020, 4:16 pm

പശു ക്യാബിനറ്റിന്റെ ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ച് ശിവരാജ് സിങ് ചൗഹാന്‍; മീറ്റിങ്ങ് നടന്നത് ഓണ്‍ലൈനായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: പശുക്കളുടെ സംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച കൗ ക്യാബിനറ്റിന്റെ ആദ്യ യോഗത്തിന് അധ്യക്ഷത വഹിച്ച് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍.

ബുധനാഴ്ച്ച വീട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ശിവരാജ് സിങ് ചൗഹാന്‍ കൗ ക്യാബിനറ്റിന്റെ ആദ്യ യോഗത്തില്‍ പങ്കെടുത്തത്.

ബുധനാഴ്ചയാണ് മഹാരാഷ്ട്രയില്‍ കൗ ക്യാബിനറ്റ് രൂപീകരിക്കുമെന്ന് അറിയിച്ചത്. സംസ്ഥാനത്തെ പശുക്കളുടെ ക്ഷേമവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നതെന്ന് ശിവരാജ് സിങ് ചൗഹാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മൃഗസംരക്ഷണ വകുപ്പ്, ഗ്രാമീണ വികസനം, കര്‍ഷക ക്ഷേമ വകുപ്പ് എന്നിവ മധ്യപ്രദേശില്‍ കൗ ക്യാബിനറ്റിന്റെ ഭാഗമാണ്.

വെങ്കിടേശ്വര ക്ഷേത്ര സന്ദര്‍ശത്തിനിടെയാണ് രാജ്യത്ത് ആദ്യമായി കൗ ക്യാബിനറ്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് പ്രഖ്യാപിക്കുന്നത്.

കൗ ക്യാബിനറ്റ് രൂപീകരിച്ചത് മധ്യപ്രദേശ് സര്‍ക്കാരിന്റെ അഭിമാന നേട്ടമായാണ് ബി.ജെ.പി ഉയര്‍ത്തിക്കാട്ടുന്നത്.

കൗ ക്യാബിനറ്റ് രൂപീകരിച്ച മുഖ്യമന്ത്രി ശിവരാജ് സിങിന്റെ നടപടിയില്‍ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സമ്പദ് വ്യവസ്ഥ തകരുമ്പോള്‍, ജോലികള്‍ അപ്രത്യക്ഷമാകുമ്പോള്‍, ദാരിദ്ര്യവും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും വര്‍ധിക്കുമ്പോള്‍ ശിവരാജ് സിങ് ഒരു കൗ ക്യാബിനറ്റ് ഉണ്ടാക്കിയിരുക്കുകയാണ് എന്നാണ് വിഷയത്തില്‍ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്.

എന്തിനാണ് പുതിയ കൗ ക്യാബിനറ്റ് അത് തന്നെയല്ലേ മധ്യപ്രദേശിന് 2020 മാര്‍ച്ചില്‍ ലഭിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മല്‍ഹോത്രയും പ്രതികരിച്ചിരുന്നു.

പശുക്കള്‍ക്ക് ഒരു ക്യാബിനറ്റ് ആകാമെങ്കില്‍ ഒരു ചാണകം ഒ ഫെസ്റ്റിവെല്ലും നടത്താമെന്ന് ട്വിറ്ററില്‍ ശിവരാജ് സിങ് ചൗഹാന്റെ പ്രഖ്യാപനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നേരത്തെ ലൗ ജിഹാദ് വിഷയം സംബന്ധിച്ചും മധ്യപ്രദേശ് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയിരുന്നു. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ശിക്ഷ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞിരുന്നു.

ഇതുസംബന്ധിച്ച നിയമം ഉടന്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നേരത്തെ യു.പി, കര്‍ണ്ണാടക, ഹരിയാന എന്നീ സംസ്ഥാനങ്ങളും സമാനമായ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shivraj Singh Chouhan Chairs First Cow Cabinet Meet In Madhya Pradesh

We use cookies to give you the best possible experience. Learn more