| Thursday, 16th April 2020, 10:47 pm

അത് കമല്‍നാഥിന്റെ തെറ്റ്; കൊവിഡ് വ്യാപനത്തില്‍ മുന്‍സര്‍ക്കാരിനെ കുറ്റപ്പെടുത്തി ശിവരാജ് സിങ് ചൗഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ കൊവിഡ് 19 പടര്‍ന്നതില്‍ മുന്‍ കമല്‍നാഥ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ രോഗം പകരാനുണ്ടായ കാര്യം അന്വേഷിക്കാനും ചൗഹാന്‍ ഉത്തരവിട്ടു.

മുന്‍ സര്‍ക്കാര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു. ആരോഗ്യ വകുപ്പിന് മഹാമാരിയെ പ്രതിരോധിക്കാന്‍ യാതൊരു പരിശീലനവും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. ഞാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും’, ചൗഹാന്‍ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് സ്ഥിതിഗതികള്‍ മാറിയത്. ഞങ്ങള്‍ പരിശോധനകള്‍ വര്‍ധിപ്പിച്ചു. ഓരോ പോസിറ്റീവ് കേസുകളെയും തങ്ങള്‍ കൃത്യമായി ചികിത്സിച്ചെന്നും ചൗഹാന്‍ അവകാശപ്പെട്ടു.

ഇന്‍ഡോറിലും ഭോപാലിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, അതിനേക്കാള്‍ക്കൂടുതല്‍ ആളുകള്‍ക്ക് രോഗം ഭേദമാവുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more