ഭോപാല്‍: കോണ്‍ഗ്രസില്‍നിന്നും കാലുമാറി ബി.ജെ.പിയിലേക്ക് രാഷ്ട്രീയ ജീവിതം പറിച്ചുനട്ട ജ്യോതിരാധിത്യ സിന്ധ്യയുടെ നീക്കത്തോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. കോണ്‍ഗ്രസ് മന്ത്രിസഭയില്‍നിന്നും ആറ് മന്ത്രിമാരെകൂടെ കൂട്ടിയായിരുന്നു സിന്ധ്യയുടെ പടിയിറക്കം. ഇതിന് പിന്നാലെ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്നുറപ്പായ കമല്‍നാഥ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചു. ഇതോടെ ഭരണം ബി.ജെ.പിക്ക് സ്വന്തമായി. മാര്‍ച്ച് 23ന് ബി.ജെ.പി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
പക്ഷേ, ചൗഹാന്റെ സത്യപ്രതിജ്ഞയ്ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. രാജ്യം കൊവിഡ് വ്യാപനത്തിന്റെ മുനമ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയത്. ചൗഹാന് മന്ത്രിസഭ രൂപീകരിക്കാനുള്ള സമയം പോലും കിട്ടുന്നതിന് മുമ്പേ രാജ്യം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങി.
ഇതോടെ മന്ത്രിസഭ രൂപീകരിക്കാതെ, ഒറ്റ മന്ത്രിപോലും കൂടെയില്ലാതെ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന ആദ്യത്തെ മുഖ്യമന്ത്രിയായി മാറിയിരിക്കുകയാണ് ബി.ജെ.പിയുടെ ശിവരാജ് സിങ് ചൗഹാന്‍. 25 ദിവസമായി ചൗഹാനിങ്ങനെ ഒറ്റയാന്‍ സര്‍ക്കാരായി മുന്നോട്ടുപോകാന്‍ തുടങ്ങിയിട്ട്.
ഇതിന് മുമ്പ് കര്‍ണാടകയിലായിരുന്നു സമാന സംഭവമുണ്ടായിരുന്നത്. 24 ദിവസമായിരുന്നു കര്‍ണാടകത്തില്‍ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ മന്ത്രിസഭാ രൂപീകരണത്തിന് എടുത്തത്.
മന്ത്രിസഭ രൂപീകരിക്കാന്‍ യോഗം ലഭിക്കാത്ത ശിവരാജ് സിങ് ചൗഹാനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിയമ്പുകള്‍ പ്രയോഗിച്ചുതുടങ്ങിയിട്ടുണ്ട്.
‘അഭിനന്ദനങ്ങള്‍ ചൗഹാന്‍ ജി. മധ്യപ്രദേശ് കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്നതിനിടെ നിങ്ങള്‍ ഒരു റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി- മന്ത്രിസഭയില്ലാതെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന ആളാണ് നിങ്ങള്‍. മുമ്പ് കര്‍ണാടകത്തില്‍ ബി.എസ് യെദിയൂരപ്പയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. നാലാം തവണയും അധികാരത്തിലെത്തുന്ന ഈ രണ്ടുപേരും പിരിച്ചുവിടലിന്റെ സഹായത്തോടെയാണ് സര്‍ക്കാരുണ്ടാക്കിയത്’, കോണ്‍ഗ്രസ് രാജ്യസഭാംഗമായ വിവേക് തങ്ക പരിഹസിച്ച് ട്വീറ്റ് ചെയ്തതിങ്ങനെ.
അന്യായമായ മാര്‍ഗങ്ങളിലൂടെയാണ് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കിയത്. ബി.ജെ.പിയുടെ ചതി കാരണം മധ്യപ്രദേശ് കഷ്ടപ്പെടുന്നത് എങ്ങനെയാണെന്ന് അവര്‍ മനസിലാക്കണം. ഭോപാലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കപേര്‍ക്കടക്കം രോഗം ബാധിച്ചു. ഇന്‍ഡോറില്‍ 800ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത് ഇവിടെയാണ്. ഇതൊന്നും ബി.ജെ.പിയെ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നുപോലുമില്ലെന്നും തങ്ക പറഞ്ഞു.