| Saturday, 23rd May 2020, 1:39 pm

ഒഴിപ്പിക്കല്‍ നോട്ടീസിനോട് പ്രതികരിച്ചില്ല; കോണ്‍ഗ്രസ് മന്ത്രിമാരുടെ വസതികള്‍ സീല്‍ ചെയ്ത് ശിവ്‌രാജ് സിങ്; ഈ കാലത്തെ നീക്കം ഞെട്ടിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് സര്‍ക്കാര്‍. ചില എം.എല്‍.എമാര്‍ ഇപ്പോഴും ഔദ്യോഗിക വസതികളിലാണ് താമസം.

വസതികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മുന്‍ മന്ത്രിമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ വിവേക് തങ്ക രംഗത്തെത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടയിലും ഭോപ്പാലിനെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കുമ്പോഴും 24 മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നോട്ടീസ് നല്‍കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ സമയത്ത് ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങരുതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍ അവരുടെ പല എം.എല്‍.എമാരും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞിരുന്നില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജീതു പത്വാരി പറഞ്ഞു. കോണ്‍ഗ്രസ് അവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ലോക്ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷപോലും ഭീഷണി നിറഞ്ഞതായിക്കൊണ്ടിരിക്കുകയാണ്’, മുന്‍ മന്ത്രി ഗോവിന്ദ് സിങ് പ്രതികരിച്ചു. സാധാരണ നിലയില്‍ ഇത്തരം നീക്കങ്ങള്‍ക്ക് മുമ്പ് ഒരുമാസം സമയം അനുവദിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രിജേന്ദ്ര സിങ് റാത്തോര്‍, ഓംകാര്‍ സിങ് മാര്‍കം, പ്രിയവ്രത് സിങ്, സുഖ്‌ദേവ് പന്‍സെ, ഉമങ് സിന്‍ഗാള്‍, പി.സി ശര്‍മ, കമലേശ്വര്‍ പട്ടേല്‍, ലഗന്‍ ഗംഗോര്യ, സച്ചിന്‍ യാദവ്, സുരേന്ദ്ര ബാഗല്‍ എന്നിവരുടെ വസതികളാണ് സര്‍ക്കാര്‍ സീല്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more