ഭോപാല്‍: കമല്‍നാഥ് സര്‍ക്കാരിലെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ സീല്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മധ്യപ്രദേശിലെ ശിവ്‌രാജ് സിങ് സര്‍ക്കാര്‍. ചില എം.എല്‍.എമാര്‍ ഇപ്പോഴും ഔദ്യോഗിക വസതികളിലാണ് താമസം.
വസതികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച മുന്‍ മന്ത്രിമാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.
സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ വിവേക് തങ്ക രംഗത്തെത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടയിലും ഭോപ്പാലിനെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിക്കുമ്പോഴും 24 മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് നോട്ടീസ് നല്‍കിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് ഇത്തരം കാര്യങ്ങളിലേക്ക് നീങ്ങരുതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പി പ്രതിപക്ഷത്തിരുന്നപ്പോള്‍ അവരുടെ പല എം.എല്‍.എമാരും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞിരുന്നില്ലെന്ന് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജീതു പത്വാരി പറഞ്ഞു. കോണ്‍ഗ്രസ് അവര്‍ക്കെതിരെ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.