| Monday, 11th May 2020, 10:09 pm

മധ്യപ്രദേശ് മുഖ്യമന്ത്രി നല്ല പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കാം, പക്ഷേ ഭരിക്കാനുള്ള കഴിവില്ല; ചൗഹാനെതിരെ കോണ്‍ഗ്രസ് എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനെതിരെ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ വിവേക് തന്‍ഖ. ചൗഹാന്‍ ഒരുപക്ഷേ നല്ല നേതാവായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന് ഭരിക്കാനുള്ള കഴിവില്ലെന്നാണ് തന്‍ഖയുടെ വിമര്‍ശനം. മധ്യപ്രദേശിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇത്തരം മെഡിക്കല്‍ എമര്‍ജന്‍സി കൈകാര്യം ചെയ്യാന്‍ ചൗഹാന് കഴിയുന്നില്ല. ജനപ്രീതി തോന്നുന്ന രാഷ്ട്രീയ ആശയങ്ങള്‍ അദ്ദേഹത്തിന്റെ പക്കലുണ്ടായിരിക്കാം. പക്ഷേ, ഭരണ മികവിനുള്ള കഴിവില്ല’, തന്‍ഖ പറഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് വിവേക് തന്‍ഖ. രാജ്യത്ത് കൊവിഡ് വ്യാപനം പോലെയുള്ള അടിയന്തിര ഘട്ടങ്ങള്‍ സ്വകാര്യ മേഖലകളെ ഉള്‍പ്പെടുത്തി പ്രതിരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് അവര്‍ എവിടെയാണെങ്കിലും സുരക്ഷിതമായി സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സംവിധാനങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അടിയന്തിരമായി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടിലേക്ക് മടങ്ങുന്നവഴി ഔറംഗബാദില്‍വെച്ച് ട്രെയിനിടിച്ച് തൊഴിലാളികള്‍ മരിച്ച സംഭവം അപലപിച്ച എം.പി തൊഴിലാളികളെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങള്‍ക്കാണെന്നും വ്യക്തമാക്കി.

സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായി തന്‍ഖയുടെ മകന്‍ വരുണും അദ്ദേഹത്തിന്റെ ഒരു അഭിഭാഷക സുഹൃത്തും ചേര്‍ന്ന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. മധ്യപ്രദേശിനകത്തും പുറത്തും കുടുങ്ങിക്കിടക്കുന്നവര്‍ക്കുവേണ്ടി സൗജന്യമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് അഭിഭാഷകന്‍ കൂടിയായ വരുണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more