ഭോപ്പാല്‍: ഔദ്യോഗിക വസതിയിലെ താമസത്തിനിടെ കൊതുകുശല്യം നേരിട്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സിദ്ധിയിലെ സര്‍ക്യൂട്ട് ഹൗസില്‍ താമസിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
പി.ഡബ്ല്യു.ഡി സബ് എഞ്ചിനീയര്‍ ബാബു ലാല്‍ ഗുപ്തയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു മുഖ്യമന്ത്രി വസതിയില്‍ എത്തിയത്. എന്നാല്‍ കൊതുക് ശല്യം രൂക്ഷമാണെന്നായിരുന്നു മുഖ്യമന്ത്രി പരാതി പറഞ്ഞത്. ശുചിത്വം പാലിക്കാത്തതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ട്.
52 പേര്‍ കൊല്ലപ്പെട്ട ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണാനായി സിദ്ധിയിലെത്തിയതായിരുന്നു മുഖ്യമന്ത്രി. സന്ദര്‍ശനത്തിന് ശേഷം രാത്രി തങ്ങാനായാണ് പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസില്‍ എത്തിയത്.
അദ്ദേഹത്തിന്റെ മുറിയില്‍ കൊതുകുകളുണ്ടായിരുന്നെന്നും സമീപത്തുണ്ടായിരുന്ന വാട്ടര്‍ ടാങ്ക് നിറഞ്ഞു കവിഞ്ഞിരുന്നെന്നും വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രോട്ടോക്കോള്‍ അനുസരിച്ച് ചെയ്യേണ്ട ക്രമീകരണങ്ങള്‍ നടത്തിയില്ലെന്നാണ് സസ്പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്നതെന്ന് ഡിവിഷണല്‍ കമ്മീഷണര്‍ രാജേഷ് കുമാര്‍ ജെയിന്‍ പറഞ്ഞു.
സര്‍ക്യൂട്ട് ഹൗസില്‍ താമസിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വി.ഐ.പികള്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയെന്നും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചുമതലകള്‍ നിറവേറ്റുന്നതില്‍ ഗുപ്ത പരാജയപ്പെട്ടെന്നും എം.പി സിവില്‍ സര്‍വീസസ് ആക്റ്റ് 1966 അനുസരിച്ച് സര്‍ക്കാര്‍ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ വരുത്തിയ അലംഭാവത്തില്‍ ഗുപ്തയെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നുമാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം കൊതുകിന്റെ കടി കൊണ്ടതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത ശിവരാജ് സിങ് ചൗഹാന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.
മുഖ്യമന്ത്രി സിദ്ധിയില്‍ പോയത് മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കാനാണോ അതോ ടൂറിസത്തിനാണോ എന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് അജയ് യാദവിന്റെ പ്രതികരണം.
റോഡുകള്‍ മോശമായതിനാല്‍ സിദ്ധിയില്‍ 52 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു, പക്ഷേ മുഖ്യമന്ത്രി അദ്ദേഹത്തെ കൊതുകു കടിച്ചതിന്റെ ആശങ്കയിലാണ്, അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക