ഭോപ്പാൽ: കൊറോണ ചികിത്സയക്ക് യോഗയും, മന്ത്രങ്ങളും, സംഗീതവും, ഭജനയും ഉപയോഗിക്കാമെന്ന് മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. സാധാരണ ചികിത്സ രീതിയ്ക്കൊപ്പം ഇവയുടെ കൂടി സഹായം തേടാമെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനേതാക്കളോട് വീഡിയോ കോൺഫറൻസിങ്ങ് വഴി സംവദിക്കവെയാണ് പുതിയ നിർദേശവുമായി ശിവരാജ് സിങ് ചൗഹാൻ എത്തിയത്. ഇവരോട് മറ്റ് ചികിത്സാ രീതികളെക്കുറിച്ചുള്ള നിർദേശങ്ങൾ മുന്നോട്ട് വെക്കാനും മധ്യപ്രദേശ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
”ചിലപ്പോൾ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാൻ നമുക്ക് സാധിക്കുമായിരിക്കും. രോഗികളുടെ മാനസിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സംഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാം” ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ഒരുപാട് അസുഖങ്ങൾ സ്നേഹം കൊണ്ട് മാറിയിട്ടുണ്ട്. കൊവിഡ് പോലൊരു രോഗം വരുമ്പോൾ സ്വന്തം അമ്മയ്ക്ക് മകനെ പോലും തൊടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സാധാരണ ചികിത്സാ രീതികൾക്കൊപ്പം ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും അനുവർത്തിക്കാമെന്നും ശിവരാജ് സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.