ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ വിജയിപ്പിച്ച ആ 'വലിയ നേതാവ്' പഴയ താവളത്തിലേക്ക് മടങ്ങുന്നു; മറ്റ് സ്വാധീന ശക്തികളും ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നു
national news
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ വിജയിപ്പിച്ച ആ 'വലിയ നേതാവ്' പഴയ താവളത്തിലേക്ക് മടങ്ങുന്നു; മറ്റ് സ്വാധീന ശക്തികളും ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 8:32 pm

ലഖ്‌നൗ: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയും എസ്.പിയും ഒരുമിച്ച് നിന്നിട്ടും ബി.ജെ.പി മികച്ച വിജയമാണ് നേടിയത്. സംസ്ഥാനത്തെ പ്രബലരായ രണ്ട് പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നിട്ടും ബി.ജെ.പിക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതിന് പിന്നില്‍ അദൃശ്യനായ വലിയ ഒരു നേതാവുണ്ടായിരുന്നു എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ആ നേതാവ് പക്ഷെ ഇപ്പോള്‍ തന്റെ പഴയ താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവായിരുന്ന ശിവ്പാല്‍ യാദവാണ് ആ വലിയ നേതാവ്. അഖിലേഷ് യാദവിനോട് പിണങ്ങി ശിവ്പാല്‍ യാദവ് സമാജ്‌വാദി പാര്‍ട്ടി വിട്ടിരുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി-എസ്.പി സഖ്യത്തിനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു. ഇതോടെ എസ്.പിയുടെ ശക്തിയായ യാദവ വോട്ടര്‍മാരുടെ വോട്ടുകള്‍ മുഴുവനായും ലഭിച്ചില്ല. ഈ വോട്ടുകള്‍ ബി.ജെ.പിക്കാണ് കൂടുതല്‍ ലഭിച്ചത്.

എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം നില്‍ക്കേ ശിവ്പാല്‍ യാദവ് എസ്.പിയിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് എസ്.പിക്ക് കൂടുതല്‍ ശക്തിപകരുകയും ബി.ജെ.പിക്ക് ക്ഷീണം ചെയ്യുകയും ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ശിവ്പാല്‍ യാദവിനെ ഒപ്പം നിര്‍ത്തുന്നതില്‍ മാത്രമല്ല ബി.ജെ.പി പരാജയപ്പെട്ടത്. മറ്റ് ചില പ്രബല നേതാക്കളെയും ഒപ്പം നിര്‍ത്തുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടു. പാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സുഹല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് ഓം പ്രകാസ് രാജ്ബറിനെയും ആര്‍.കെ ചൗധരിയെയും ബി.ജെ.പി കൈവിട്ടു. രാജ്ബര്‍ എസ്.പിയുമായി അടുത്തപ്പോള്‍ ആര്‍.കെ ചൗധരി കോണ്‍ഗ്രസുമായാണ് കൈകോര്‍ട്ടിരിക്കുന്നത്.

25 വര്‍ഷത്തെ എസ്.പി ബന്ധം അവസാനിപ്പിച്ചാണ് രഘുരാജ് പ്രതാപ് സിങ് ജന്‍ശക്തി പാര്‍ട്ടി രൂപീകരിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പിയെ പിന്തുണച്ചു. മുഖ്യമന്ത്രിയോടും നല്ല ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ നിന്ന് അകന്നുനില്‍ക്കുകയാണ്. രഘുരാജ് പ്രതാപ് സിങ് എസ്.പിയിലേക്ക് മടങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബി.ജെ.പി ഘടകകക്ഷികളായ നിഷാദ് പാര്‍ട്ടിയും അപ്‌നാ ദളും പലപ്പോളായി വിയോജിപ്പുകള്‍ പരസ്യമായി പ്രകടിപ്പിച്ചു കഴിഞ്ഞു. ഘടകക്ഷികളെ വിഴുങ്ങുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നതെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക