| Tuesday, 7th February 2023, 10:04 am

ഇതിഹാസമായ അച്ഛന്റെ സര്‍വകാല റെക്കോഡ് കരിയറിന്റെ തുടക്കത്തിലേ മറികടന്ന മകന്‍; ഇതാ ക്രിക്കറ്റിന്റെ ഭാവി

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ശിവനരെയ്ന്‍ ചന്ദർപോളിന്റെ മകന്‍ തഗെനരെയ്ന്‍ ചന്ദർപോളിന്റെ പ്രകടനമാണ് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ ചര്‍ച്ചാ വിഷയം. ടെസ്റ്റ് ക്രിക്കറ്റില്‍ സിംബാബ്‌വേക്കെതിരെ തഗെനരെയ്ന്‍ നേടിയ ഇരട്ട സെഞ്ച്വറിയാണ് താരത്തെ ചര്‍ച്ചയിലേക്കുയര്‍ത്തിയത്.

വെസ്റ്റ് ഇന്‍ഡീസ് – സിംബാബ്‌വേ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെയാണ് തഗെനരെയ്ന്‍, താന്‍ ശിവനരെയ്‌ന്റെ ലെഗസി പിന്തുടരാന്‍ പോന്നവനാണെന്ന് തുടക്കത്തിലേ തെളിയിച്ചിരിക്കുന്നത്.

അച്ഛന്‍ കരിയറില്‍ നേടിയെടുത്ത ഏറ്റവുമുയര്‍ന്ന ടെസ്റ്റ് സ്‌കോറിനെ തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ മറികടന്നിരിക്കുകയാണ് തഗെനരെയ്ന്‍. ശിവനരെയ്‌ന്റെ 203 എന്ന കരിയര്‍ ബെസ്റ്റ് സ്‌കോറിനെ മറികടന്നാണ് തഗെനരെയ്ന്‍ കരീബിയന്‍ ക്രിക്കറ്റില്‍ തന്റെ കാലൊച്ച കേള്‍പ്പിച്ചത്.

ഇതോടെ തന്റെ ആദ്യ സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറിയാക്കി കണ്‍വേര്‍ട്ട് ചെയ്യുന്ന പത്താമത് വിന്‍ഡീസ് ടെസ്റ്റ് ബാറ്ററാകാനും തഗൈനരെയ്‌ന് സാധിച്ചു.

ഷെവ്‌റോണ്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ ബ്രാത്‌വെയ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബ്രാത്വെയ്റ്റും തഗെനരെയ്‌നും ഗംഭീര തുടക്കമായിരുന്നു ടീമിന് നല്‍കിയത്.

336 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവര്‍ ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. 115ാം ഓവറില്‍ ആദ്യ പന്തില്‍ 182 റണ്‍സ് നേടി ബ്രാത്‌വെയ്റ്റ് പുറത്തായി.

മൂന്നാമനായി കൈല്‍ മയേഴ്‌സായിരുന്നു ഇറങ്ങിയത്. 24 പന്തില്‍ നിന്നും 20 റണ്‍സായിരുന്നു മയേഴ്‌സ് സ്വന്തമാക്കിയത്. പിന്നാലെയെത്തിയവരൊക്കെ ഒറ്റയക്കത്തിന് പുറത്തായി. ഒടുവില്‍ 143 ഓവറില്‍ 447 ന് ആറ് എന്ന നിലയില്‍ നില്‍ക്കവെ വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

467 പന്തില്‍ നിന്നും പുറത്താവാതെ 207 റണ്‍സാണ് തഗെനരെയ്ന്‍ ചന്ദ്രപോള്‍ സ്വന്തമാക്കിയത്. 16 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെയാണ് താരത്തിന്റെ ഇന്നിങ്‌സ് പിറന്നത്.

സിംബാബ്‌വേക്കായി ബ്രാന്‍ഡന്‍ മവൂട്ട അഞ്ച് വിക്കറ്റ് വീഴ്ത്തി. 41 ഓവറില്‍ അഞ്ച് മെയ്ഡനുള്‍പ്പെടെ 140 റണ്‍സ് വഴങ്ങിയാണ് മവൂട്ടയുടെ വിക്കറ്റ് നേട്ടം. വെല്ലിങ്ടണ്‍ മസകദാസയാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേക്കായി ഇന്നസെന്റ് കായയും താനുര്‍വ മകോണിയും ചേര്‍ന്ന് മോശമല്ലാത്ത തുടക്കം നല്‍കി. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കവെ മക്കോണി പുറത്തായി. വണ്‍ ഡൗണായെത്തിയ ചമു ചിബാബയും ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിനും പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തിരുന്നു.

മൂന്നാം ദിവസം കളിയവസാനിപ്പിക്കവെ ഷെവ്‌റോണ്‍സ് 114ന് മൂന്ന് എന്ന നിലയിലാണ്.

Content highlight: Shivnarine Chanderpaul’s son Tagenarain Chanderpaul with a brilliant performance against Zimbabwe

We use cookies to give you the best possible experience. Learn more