| Friday, 3rd July 2020, 12:52 pm

'ഷിവിലി ഡോണ്‍'; പൊലീസ് തേടിയെത്തിയ ഗ്യാങ്സ്റ്റര്‍ വികാസ് ദുബെയുടേത് ഞെട്ടിപ്പിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: വികാസ് ദുബെ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തേടി കാന്‍പൂരിലെ ബിക്രു ഗ്രാമത്തില്‍ നടത്തിയ റെയ്ഡിനിടെ ഉണ്ടായ ആക്രമത്തില്‍ ഉത്തര്‍പ്രദേശില്‍ എട്ട് പൊലീസുദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. പൊലീസ് തേടിയെത്തിയ വികാസ് ദുബെ എന്ന കുറ്റവാളിയുടെ ക്രിമിനല്‍ പശ്ചാത്തലം ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പം തൊട്ടുതന്നെ കുറ്റകൃത്യങ്ങളിലൂടെ ലോക ശ്രദ്ധ ലഭിക്കാന്‍ അതീവ താല്പര്യം കാട്ടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇയാള്‍  ഒരു ഗ്യാങ് ഉണ്ടാക്കുകയും കവര്‍ച്ചയും കൊലപാതകവും നടത്തുകയും ചെയ്തു.

ഏതാണ്ട് 19 വര്‍ഷം മുന്‍പ് ദുബെ ഒരു മന്ത്രിയെ പൊലീസ് സ്റ്റേഷനകത്തുവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള ശ്രമവും ഇയാള്‍ നടത്തി. ദുബെയെ പലതവണ അറസ്റ്റിലായിട്ടുണ്ട്. യു.പിഎ.സ്.ടി.എഫ് ഒരിക്കല്‍ ലഖ്നൗവില്‍ വെച്ച് പിടികൂടുകയും ചെയ്തിരുന്നു.

കാണ്‍പൂരിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പലായ സിദ്ധേശ്വര്‍ പാണ്ഡെയെ കൊലപ്പെടുത്തിയ കേസില്‍ ദുബെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.

ഇതിനുപുറമെ, പഞ്ചായത്ത്, സിവിക് തെരഞ്ഞെടുപ്പുകളില്‍ നിരവധി രാഷ്ട്രീയ നേതാക്കള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2001 ലാണ് വികാസ് ദുബെ മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതത്തിന് ശേഷം ‘ഷിവ്‌ലി ഡോണ്‍’ എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. ദുബെ കോടതിയില്‍ കീഴടങ്ങിയിരുന്നെങ്കിലും ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഇയാള്‍ നഗര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.

വികാസ് ദുബേയ്ക്കെതിരെ 52 ലധികം കേസുകള്‍ നിലവില്‍ യു.പിയിലെ നിരവധി ജില്ലകളില്‍ നടക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ദുബെയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 25,000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു. കൊലപാതകം, കൊലപാതകശ്രമം എന്നീ കേസുകളില്‍ വികാസ് ദുബെയെ പൊലീസ് തിരയുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more