ന്യൂദല്‍ഹി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും.
ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണെന്ന ഇ.ഡിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ഇ.ഡി നല്‍കിയ അപ്പീല്‍ ആറാഴ്ചയ്ക്കു ശേഷം സുപ്രിം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കര്‍ ജാമ്യത്തില്‍ തുടരും. ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹരജിയില്‍ ശിവശങ്കറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ശിവശങ്കറിനെതിരെ തെളിവുണ്ടെന്നും ഇതു പരിഗണിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റല്‍ ജനറല്‍ എസ്.വി രാജു വാദിച്ചു.
എന്നാല്‍ ശിവശങ്കറില്‍നിന്നു കണ്ടെടുത്ത പണം ഒരു കോടിയില്‍ താഴെയാണെന്നും അദ്ദേഹം അസുഖ ബാധിതനാണെന്നും ചൂണ്ടിക്കാട്ടി കോടതി ഈ വാദം തള്ളുകയായിരുന്നു.
ശിവശങ്കറിനെതിരായ ആരോപണം എന്താണെന്ന് വാദത്തിനിടെ ജസ്റ്റിസ് അശോക് ഭൂഷണ്‍ ചോദിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ ഇരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്തിനായി ഗൂഢാലോചന നടത്തിയെന്ന് എ.എസ്.ജി മറുപടി പറഞ്ഞു. പണം ലോക്കറില്‍ വച്ചത് ശിവശങ്കര്‍ ആണെന്നും അഡീഷണല്‍ സോളിസിറ്റല്‍ ജനറല്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിനു ഗൂഢാലോചന നടത്തിയവരില്‍ ശിവശങ്കര്‍ ഉണ്ടെന്നായിരുന്നു ഇ.ഡിയുടെ വാദം. സ്വര്‍ണം വിട്ടുകിട്ടാന്‍ ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതായും ഇ.ഡി പറഞ്ഞു.
എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ ജയദീപ് ഗുപ്ത പറഞ്ഞു.
ശിവശങ്കറിനു നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചപ്പോള്‍ ജാമ്യം സ്റ്റേ ചെയ്യണമെന്ന് ഇഡി ആവശ്യപ്പെട്ടു. എന്നാല്‍ ഇതു പരിഗണിക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 28നായിരുന്നു എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ജനുവരി 25ന് ആരോഗ്യ പ്രശ്‌നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നല്‍കി. കസ്റ്റംസ് കേസില്‍ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക