മുംബൈ: എന്‍ഫിസ്റ്റണ്‍ റെയില്‍വെ സ്റ്റേഷന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. നടന്നത് സാധാരണ അപകടമല്ലെന്നും കൂട്ടക്കൊലയാണെന്നും ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. ഇന്നു രാവിലെ മുംബൈ റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ച സാഹചര്യത്തിലാണ് ശിവസേന സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
“നടന്നത് സാധാരണ അപകടമല്ല. സര്‍ക്കാര്‍ ജനങ്ങളെ ഒന്നടങ്കം കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ പായുന്ന ബി.ജെ.പിയും സര്‍ക്കാരും ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണം” സഞ്ജയ് റാവത്ത് പറഞ്ഞു.
Also Read: റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ല; വലിഞ്ഞു കേറിവന്ന ഭീകരവാദബന്ധമുള്ളവരെന്ന് യോഗി ആദിത്യനാഥ്
റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ രാജിവെക്കണമെന്നാവശ്യവുമായി മറ്റു ശിവസേന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ട്രെയിനപകടങ്ങള്‍ പതിവാകുന്നത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയതിനിടെയാണ് റെയില്‍വേ സ്റ്റേഷനിലുണ്ടായ അപകടത്തില്‍ 22 പേര്‍ മരണപ്പെട്ടത്. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അപകടത്തെതുടര്‍ന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇത് മനുഷ്യനിര്‍മിത ദുരന്തമാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രതികരണം. ശക്തമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കനത്ത മഴയില്‍നിന്നു രക്ഷപ്പെടാനായി ജനക്കൂട്ടം റെയില്‍വേ മേല്‍പ്പാലത്തിലേക്കു തിക്കിക്കയറിയെന്നും മഴ അവസാനിച്ചതോടെ താഴേക്ക് ഇറങ്ങാനുള്ള ആള്‍ക്കാരുടെ വെപ്രാളമാണ് അപകടമുണ്ടാക്കിയതെന്നുമായിരുന്നു റെയില്‍വേ പി.ആര്‍ ഡി.ജി സക്സേനയുടെ പ്രതികരണം.