ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ശിവസേന നേതൃത്വം. ശിവസേന നേതാവ് സഞ്ജയ് റാവത്ത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
‘എല്ലാവരും കാത്തിരുന്ന തീരുമാനം പ്രഖ്യാപിക്കുകയാണ്. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സരത്തിനിറങ്ങും. പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം. ഉടന്‍ കൊല്‍ക്കത്തയിലെത്തും. ജയ് ഹിന്ദ്’, റാവത്ത് ട്വീറ്റ് ചെയ്തു.
അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ബി.ജെ.പി. മുഖ്യ എതിരാളിയായ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രചാരണമാണ് ബി.ജെ.പി നേതൃത്വം കാഴ്ചവെയ്ക്കുന്നത്. തൃണമൂലില്‍ നിന്ന് പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിമാരടക്കമുള്ള തൃണമൂല്‍ നേതാക്കളുടെ രാജി പാര്‍ട്ടിക്ക് തലവേദയായിട്ടുണ്ട്. നേരത്തെ രാജിവെച്ച സുവേന്തു അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടിയായിരുന്നു.
So, here is the much awaited update.
After discussions with Party Chief Shri Uddhav Thackeray, Shivsena has decided to contest the West Bengal Assembly Elections.
സുവേന്തുവിനൊപ്പം തൃണമൂലില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നുമുള്ള പത്തോളം നേതാക്കളാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സുവേന്തുവിന്റെ സഹോദരനായ സൗമേന്തു അധികാരിയും 14 തൃണമൂല്‍ കൗണ്‍സിലര്‍മാരും ബി.ജെ.പി അംഗത്വം സ്വീകരിച്ചിരുന്നു.
ബംഗാള്‍ മന്ത്രിയും തൃണമൂല്‍ നേതാവുമായ ലക്ഷ്മി രത്തന്‍ ശുക്ല രാജിവെച്ചതും വാര്‍ത്തയായിരുന്നു. ബംഗാള്‍ മന്ത്രി സഭയിലെ കായിക വകുപ്പ് സഹമന്ത്രിയാണ് ലക്ഷ്മി രത്തന്‍. മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയാണ് അദ്ദേഹം.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനവും ലക്ഷ്മി രാജി വെച്ചിട്ടുണ്ട്. ഹൗറ ജില്ലാ അധ്യക്ഷനായിരുന്നു അദ്ദേഹം. അതേസമയം തൃണമൂല്‍ എം.എല്‍.എ സ്ഥാനം അദ്ദേഹം രാജി വെച്ചിട്ടില്ല.
മന്ത്രിയുടെ രാജിക്ക് പിന്നിലുള്ള കാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലക്ഷ്മി രത്തന്‍ രാഷ്ട്രീയരംഗത്ത് നിന്നും പിന്മാറാന്‍ പോകുകയാണെന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക