മുംബൈ: മഹാരാഷ്ട്രയിലെ പുരാതന നഗരമായ ഔറംഗാബാദിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ ശിവസേനയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ ലേഖനത്തിലാണ് ഈ പരാമര്‍ശം.
ഔറംഗാബാദിന്റെ പേര് മാറ്റാനുള്ള ശ്രമങ്ങളെ ഏത് വിധേനയും തടയുമെന്ന് കോണ്‍ഗ്രസ് നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ ബാലസാഹേബ് തോറട്ട് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിശദീകരണവുമായി ശിവസേന രംഗത്തെത്തിയത്.
‘ഔറംഗാബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനോട് കോണ്‍ഗ്രസ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ബി.ജെ.പിയ്ക്ക് സന്തോഷം പകരുന്നതാണെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ ഉക്കാര്യത്തിലെ കോണ്‍ഗ്രസിന്റെ നിലപാട് പുതിയകാര്യമല്ല. അതിന്റെ പേരില്‍ മഹാ വികാസ് അഘാഡി സഖ്യം ഇല്ലാതാകുമെന്ന ചിലരുടെ ധാരണ പരമവിഡ്ഢിത്തമാണ്’, സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിവസേന സ്ഥാപകന്‍ കൂടിയായ ബാല്‍സാഹേബ് താക്കറെ ഔറംഗാബാദിന്റെ പേര് പുനര്‍നാമകരണം ചെയ്‌തെന്നും അത് ജനങ്ങള്‍ തന്നെ ഏറ്റെടുത്തതാണെന്നും ലേഖനത്തില്‍ പറയുന്നു.
‘നഗരത്തിന്റെ പേര് മാറ്റുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് തോറട്ട് നേരത്തെ പറഞ്ഞിരുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷം ശിവസേനയുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അവരോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ തീരുമാനത്തില്‍ യാതൊരു മാറ്റവുമില്ല’, ലേഖനത്തില്‍ പറയുന്നു.
‘എല്ലാ സംസ്ഥാനങ്ങളുടെയും ഐക്യത്തിന്റെ അടിസ്ഥാനം സ്വാഭിമാനം തന്നെയാണ്. എന്നാല്‍ മുഗള്‍ചക്രവര്‍ത്തിയായ ഔറംഗസീബ് ഒരു മതേതരവാദിയല്ലെന്ന കാര്യം കോണ്‍ഗ്രസ് വരെ സമ്മതിക്കുന്നുണ്ട്. മതങ്ങളെ ഭിന്നിക്കുകയല്ല ഇവിടെ. മഹാരാഷ്ട്രയിലെ മുസ്‌ലിം ജനവിഭാഗം ശിവസേനയോടൊപ്പമാണ്. അവര്‍ക്ക് വേണ്ടത് വികസനവും ക്ഷേമവുമാണ്’, ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
ഔറംഗാബാദിന്റെ പേര് മാറ്റി മറാത്ത യോദ്ധാവായ ഛത്രപതി സാംബാജി മഹാരാജിന്റെ പേരിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇതോടെയാണ് സഖ്യകക്ഷികള്‍ തമ്മിലുള്ള വിള്ളല്‍ പരസ്യമായത്.
അതേസമയം നഗരത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യം ബി.ജെ.പിയും ശക്തമാക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ശിവസേനയെ രൂക്ഷമായി വിമര്‍ശിച്ചും ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിരുന്നു.
ഔറംഗാബാദിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ശിവസേന-ബി.ജെ.പി സഖ്യം ഭരിച്ച മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഔറംഗാബാദ്. 1995 ല്‍ കോര്‍പ്പറേഷന്റെ പൊതുയോഗത്തില്‍ നഗരത്തിന്റെ പേര് മാറ്റാനുള്ള പ്രമേയവും പാസാക്കിയിരുന്നു.
പിന്നീട് സേന-ബി.ജെ.പി സഖ്യം സംസ്ഥാന തലത്തില്‍ അധികാരത്തിലേറിയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ ജോഷി ഔറംഗാബാദിനെ സാംബാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനായുള്ള ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ബോംബെ ഹൈക്കോടതി തള്ളുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക