ഉദ്ധവ് താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; ആരോപണവുമായി ശിവസേന എം.പി
national news
ഉദ്ധവ് താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; ആരോപണവുമായി ശിവസേന എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th July 2022, 11:35 pm

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ശിവസേന എം.പി രാഹുല്‍ ഷെവാലെ. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താക്കറെ ദീര്‍ഘനേരം കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും സഖ്യം തുടര്‍ന്നാല്‍ 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാകുമെന്നതിനാല്‍ ബി.ജെ.പിയുമായി സഖ്യത്തിലെത്താന്‍ ശിവസേന എം.പിമാര്‍ താക്കറെയോട് ആവശ്യപ്പെട്ടിരുന്നതായും ഷെവാല പറഞ്ഞു.

ബി.ജെ.പിയുമായി സഖ്യത്തിലെത്താന്‍ തനിക്ക് താത്പര്യമുണ്ടെന്നും അതിനായി ശ്രമങ്ങള്‍ നടത്തുകയാണെന്നും താക്കറെ ശിവസേനയുടെ എം.പിമാരോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിയമസഭയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം താക്കറെ 12 ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടി ചര്‍ച്ചയിലിരിക്കെ താക്കറെ എന്‍.ഡി.എയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നതില്‍ ആശങ്കയുണ്ടെന്നും ബി.ജെ.പി പറഞ്ഞു.

പ്രിസൈഡിങ് ഓഫീസറോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ബി.ജെ.പി എം.എല്‍.എമാരെ താക്കറെ നിയമസഭയില്‍ നിന്നും പിരിച്ചുവിട്ടത്. ഒരു വര്‍ഷത്തേക്കായിരുന്നു ഇവരെ സസ്‌പെന്‍ഡ് ചെയ്തത്.

ബി.ജെ.പിയുമായി സഖ്യത്തിലെത്തുക, അതല്ലെങ്കില്‍ ഒറ്റകക്ഷിയായി മുന്നോട്ടുപോകുക, മഹാവികാസ് അഘാഡിയുടെ ഭാഗമായി തുടരുക എന്നിങ്ങനെ മൂന്ന് കാര്യങ്ങളായിരുന്നു താക്കറെ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വെച്ചിരുന്നതെന്ന് ഷെവാല പറയുന്നു.

‘മൂന്ന് ഓപ്ഷനാണ് താക്കറെ ഞങ്ങള്‍ക്ക് നല്‍കിയത്. ഒന്നുകില്‍ ബി.ജെ.പിയുമായി സഖ്യത്തില്‍ ചേരുക. ഒറ്റക്കക്ഷിയായി തുടരുക. അതല്ലെങ്കില്‍ മഹാവികാസ് അഘാഡി സര്‍ക്കാരിനൊപ്പം മുന്നോട്ടു പോകുക. അതില്‍ ഞങ്ങള്‍ തെരഞ്ഞെടുത്തത് ബി.ജെ.പിയുമായി മുന്നോട്ടു പോകുക എന്ന ഓപ്ഷനായിരുന്നു,’ ഷെവാല പറഞ്ഞു.

ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്തതാണ് പദ്ധതി മുടങ്ങിപ്പോകാനുള്ള കാരണമെന്നും ഷെവാല പറയുന്നു.

‘ഉദ്ധവ് ബി.ജെ.പിയുമായി സഖ്യത്തിലെത്താന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ 12 എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി വന്നതോടെയാണ് സഖ്യമെന്ന നടപടി നടപ്പിലാകാതെ പോയത്. ശിവസേന ഇപ്പോഴും ഔദ്യോഗികമായി എന്‍.ഡി.എ വിട്ടിട്ടില്ല. സേന ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണ്,’ ഷെവാല പറഞ്ഞു.

എന്നാല്‍ ഷെവാലയുടെ വാദങ്ങള്‍ കള്ളമാണെന്നും താക്കറെ ബി.ജെ.പിയുമായി സഖ്യത്തിലെത്തുന്നതിനെക്കുറിച്ച് യാതൊന്നും തന്നെ സംസാരിച്ചിട്ടില്ലെന്നും താക്കറെ വിഭാഗം വ്യക്തമാക്കി.

‘എം.പിമാരുടെ യോഗത്തില്‍ ഉദ്ധവ് ജി ബി.ജെ.പി സഖ്യത്തിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, അതകൊണ്ട് ഷെവാലെയുടെ പരാമര്‍ശം സേനയെ വഞ്ചിച്ചവരെ ന്യായീകരിക്കാനുള്ള ശ്രമം മാത്രമാണ്,’ ശിവസേന രാജ്യസഭാംഗം പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

അതേസമയം താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ 19 ലോക്‌സഭാംഗങ്ങളില്‍ 12 പേരും ഷിന്‍ഡെ വിഭാഗത്തിനോടൊപ്പം ചേര്‍ന്നിരുന്നു. രാഹുല്‍ ഷെവാലെയുള്‍പ്പെടെയുള്ളവരാണ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്നത്.

അതേസമയം ഷിന്‍ഡെയോടൊപ്പമുണ്ടായിരുന്നു രണ്ട് കോര്‍പ്പറേറ്റര്‍മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
കുടുംബസമേതമാണ് ഇവരുടെ ബി.ജെ.പി പ്രവേശം.

നവി മുംബൈയിലെ മുന്‍ കോര്‍പ്പറേറ്റര്‍മാരായ നവിന്‍ ഗാവ്‌ട്ടെയും ഭാര്യ അപര്‍ണ ഗാവ്‌ട്ടെയും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രാദേശിക നേതാക്കളോടുമൊപ്പമാണ് ശിവസേനയില്‍ നിന്ന് പടിയിറങ്ങിയത്.

നേരത്തെ ഏക് നാഥ് ഷിന്‍ഡെയ്ക്ക് പിന്തുണ നല്‍കുന്നതിനായി അദ്ദേഹത്തെ കണ്ട 28 മുന്‍ ശിവസേന കോര്‍പ്പറേറ്റര്‍മാരില്‍ ഗാവ്‌ട്ടെ ദമ്പതികളുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടുതല്‍ ഷിന്‍ഡെ പക്ഷക്കാര്‍ ബി.ജെ.പിയിലേക്ക് പോയേക്കാമെന്നതിന്റെ സൂചനയാണോ എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ഏക് നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. ദേവേന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. ബി.ജെ.പി നേതാവായ രാഹുല്‍ നര്‍വേക്കറാണ് സ്പീക്കര്‍.

Content Highlight: Shivasena MP says that thackarey wanted to join NDA