മുംബൈ: ബീഫ് പരാമര്‍ശത്തിലൂടെ മേഘാലയ ബി.ജെ.പി നേതാവ് വ്യക്തമാക്കിയത് ബി.ജെ.പിയുടെ ശരിയായ ഹിന്ദുത്വമെന്ന് ശിവസേന യു.ബി.ടി (ഉദ്ധവ് താക്കറെ വിഭാഗം). രാഷ്ട്രീയമായ ആവശ്യങ്ങള്‍ക്കനുസരിച്ച് ബി.ജെ.പിയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളില്‍ മാറ്റം വരുമെന്നും പശു സ്‌നേഹം വ്യാജമാണെന്നും താക്കറെ വിഭാഗം പറഞ്ഞു. കഴിഞ്ഞ ദിവസം താന്‍ ബീഫ് കഴിക്കാറുണ്ടെന്നും അതില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ലെന്നും ചൂണ്ടിക്കാട്ടി മോഘാലയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഏര്‍ണസ്റ്റ് മൗരി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിയെ വിമര്‍ശിച്ച് താക്കറെ വിഭാഗം രംഗത്തെത്തിയത്.
‘തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് ബി.ജെ.പിയുടെ ഹിന്ദുത്വത്തിന്റെ നിറം മാറുന്നത്. ഇതേ പാര്‍ട്ടി തന്നെ മറ്റാരെങ്കിലും ഹിന്ദുത്വം പറഞ്ഞ് മുന്നോട്ട് വന്നാല്‍ അവരെ പ്രതിരോധിക്കുകയും ചെയ്യും,’ സാമ്‌നയില്‍ ചൂണ്ടിക്കാട്ടുന്നു.
ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തിയോടൊപ്പം നിന്ന് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അവരുടെ ഹിന്ദുത്വം പ്രതിസന്ധിയിലായിരുന്നില്ല. ബീഫ് വിഷയത്തില്‍ അവരുടെ നിലപാടിന്റെ കാര്യത്തിലും ഇത് തന്നെയാണ് സ്ഥിതി. പശുക്കളുടെ സംരക്ഷകരായി ബി.ജെ,പി ഇറങ്ങുമ്പോഴും ഈ വിഷയത്തില്‍ മറ്റുള്ളവരെ ഉപദ്രവിക്കുമ്പോഴും ഗോവയിലോ മേഘാലയയിലോ ബീഫുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചാല്‍ പാര്‍ട്ടി പ്രതികരിക്കാറില്ലെന്നും സാമ്‌ന ആരോപിച്ചു.