മുംബൈ: കങ്കണ റണൗത്തിനെതിരെ നിയമനടപടിയെടുക്കണമെന്നാവശ്യവുമായി ശിവസേന നേതാവ് പ്രതാപ് സര്‍നായിക്. തനിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നാരോപിച്ചാണ് കങ്കണയ്‌ക്കെതിരെ സര്‍നായിക് പ്രത്യേക അവകാശ ലംഘന നോട്ടീസ് ഫയല്‍ ചെയ്തത്.
കഴിഞ്ഞ ദിവസം കങ്കണ സര്‍നായികിനെതിരെ നടത്തിയ ട്വീറ്റാണ് വിവാദത്തിന് തുടക്കം. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ട്രേറ്റ് നടത്തിയ പരിശോധനയില്‍ സര്‍നായികിന്റെ വീട്ടില്‍ നിന്നും പാകിസ്ഥാനി ക്രഡിറ്റ് കാര്‍ഡ് കണ്ടെത്തിയെന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതിനെതിരെയാണ് സര്‍നായിക് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ.ഡി സര്‍നായികിനെ ചോദ്യം ചെയ്തത്. ആറ് മണിക്കൂറോളം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇദ്ദേഹത്തിന്റെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച് ഇ.ഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.
കങ്കണ മുംബൈയില്‍ തിരിച്ചെത്തിയാല്‍ ശിവസേനയുടെ വനിതാ നേതാക്കള്‍ നടിയുടെ മുഖത്തടിക്കുമെന്നും ഇതിന്റെ പേരില്‍ ജയിലില്‍ പോവാനും തനിക്ക് മടിയില്ലെന്നും സര്‍നായിക് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖ ശര്‍മയും രംഗത്തു വന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക