മുംബൈ: മുകള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറ മഹാരാഷ്ട്രയിലെ സംഭാജിനഗറില്‍ നിന്നും ഹൈദരാബാദിലേക്ക് മാറ്റണമെന്ന് ശിവസേന നേതാവ് സഞ്ജയ് ഷീര്‍ഷത്. ഛത്രപതി സംഭാജിനഗറിന്റെ പേര് മാറ്റുന്നതിനെതിരെ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പരാമര്‍ശം.
ഔറംഗസീബിനോട് അത്രയധികം സ്‌നേഹമുണ്ടെങ്കില്‍, അദ്ദേഹത്തിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റൂ എന്നായിരുന്നു ഷീര്‍ഷത്തിന്റെ പ്രതികരണം. വേണമെങ്കില്‍ അവിടെ സ്മാരകം പണിയാനും ഷീര്‍ഷത് പറയുന്നുണ്ട്.
‘അവര്‍ക്ക് ഔറംഗസീബിനോട് അത്രയധികം സ്‌നേഹമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ശവകുടീരം ഹൈദരാബാദിലേക്ക് മാറ്റട്ടെ. അവര്‍ അവിടെ ഒരു സ്മാരകം പണിയട്ടെ, അല്ലെങ്കില്‍ അവര്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യട്ടെ. ആരും ബുദ്ധിമുട്ടിക്കില്ല. പക്ഷേ ഈ സമരം നിര്‍ത്തുക,’ ഷീര്‍ഷത് പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിലെ നേതാവാണ് ഷീര്‍ഷത്.
അതേസമയം ശിവസേന നേതാവിന്റെ പരാമര്‍ശം മതങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാനാണെന്നും, ഇത് രാഷ്ട്രീയം മാത്രമാണെന്നും പ്രാദേശിക എ.ഐ.എം.ഐ.എം പ്രസിഡന്റ് ഷെരെഖ് നഖ്ശബന്ദി പറഞ്ഞു.
‘ശിവസേന നേതാവിന്റെ ആവശ്യം രാഷ്ട്രീയം മാത്രമാണ്. തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ സമുദായങ്ങള്‍ക്കിടയില്‍ അസ്വാരസ്യം സൃഷ്ടിക്കാനാണ് നേതാവിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ഉദ്ദേശം,’ നഖ്ശബന്ദി പറഞ്ഞു.
ഔറംഗസീബിനോട് അവര്‍ക്ക് ഇത്രയധികം വിദ്വേഷമുണ്ടെങ്കില്‍ അവരുടെ മകന്‍ മുഹമ്മദ് അസം ഷാ 1668-ല്‍ പണികഴിപ്പിച്ച ‘ബിബി കാ മഖ്ബറ’ എന്ന ഭാര്യ റാബിയ-ഉല്‍-ദൗരാനിയുടെ ശവകുടീരം കാണാന്‍ എന്തിനാണ് ജി20 പ്രതിനിധികളെ കൊണ്ടുപോയതെന്നും നഖ്ശബന്ദി ചോദിച്ചു.
മുഗള്‍ രാജാക്കന്മാരോട് ഇത്ര വിദ്വേഷമുണ്ടെങ്കിലും അവരുടെ നിര്‍മിതികളില്‍ നിന്നും പണം സമ്പാദിക്കാന്‍ പാര്‍ട്ടിക്കോ കേന്ദ്രത്തിനോ പ്രയാസമില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മഹാരാഷ്ട്രയിലെ ഔറംഗബാദ്, തുടങ്ങിയ പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. ഇതിനെതിരേയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ പരാമര്‍ശം.