മുംബൈ: ഖുര്‍ഷിദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് അലങ്കോലപ്പെടുത്തിയ ശിവസേനയുടെ നടപടികള്‍ ഹാഫിസ് സഈദിനെ പോലെയുള്ളവരെ സഹായിക്കുന്നതാണെന്ന് പ്രമുഖ അഭിനേത്രി ശബാന ആസ്മി. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സൗഹൃദം പുലരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഫാഫിസ് സഈദിനെ പോലെയുള്ളവര്‍. ശിവസേനയുടെ പ്രവര്‍ത്തികള്‍ ഇക്കൂട്ടരെ സന്തോഷിപ്പിക്കുമെന്നും ശബാന ആസ്മി പറഞ്ഞു.
പുസ്തക പ്രകാശനം സംഘടിപ്പിച്ച സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ നേരെ കരി ഓയില്‍ ഒഴിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കിയെന്നും ശബാന ആസ്മി പറഞ്ഞു. പാകിസ്ഥാനിലെ ജനങ്ങളെ അവിടത്തെ സര്‍ക്കാരായി കണക്കാക്കരുതെന്നും ഇരു രാജ്യങ്ങളിലെയും സാധാരണക്കാരുടെ ഇടപെടല്‍ വര്‍ധിപ്പിക്കണമെന്നും ശബാന ആസ്മി പറഞ്ഞു.
നേരത്തെ ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേന മുടക്കിയപ്പോഴും രൂക്ഷ വിമര്‍ശനവുമായി ശബാന ആസ്മി രംഗത്ത് എത്തിയിരുന്നു.
സാംസ്‌കാരിക വിഷയങ്ങളില്‍ ശിവസേന ഇടപടരുതെന്നും വാരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തിലുള്‍പ്പടെ ഇന്ത്യയില്‍ നിരവധി തവണ ഗുലാം അലി പാടിയിരുന്നതായും ശബാന ആസ്മി പറഞ്ഞിരുന്നു.