മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണം; കേന്ദ്രസര്‍ക്കാരിനോട് ശിവസേന
national news
മുസ്‌ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണം; കേന്ദ്രസര്‍ക്കാരിനോട് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd December 2020, 7:16 pm

മുംബൈ: മുസ്‌ലിം പള്ളികളില്‍ ലൗഡ് സ്പീക്കറില്‍ ബാങ്ക് കൊടുക്കുന്നത് നിരോധിക്കണമെന്നാവശ്യവുമായി ശിവസേന. സേന മുഖപത്രമായ’സാമ്ന’യിലെഴുതിയ ലേഖനത്തിലാണ് ആവശ്യം.

പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നു. ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്.

മുസ്‌ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബി.ജെ.പി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യവുമായി സേന രംഗത്തെത്തിയത്.

‘ഭഗവത് ഗീത പാരായണ മത്സരങ്ങള്‍ ഉണ്ടാകാറുണ്ട്. അതുപോലെ കുട്ടികള്‍ക്കായി ബാങ്ക് പാരായണ മത്സരവും നടത്തണമെന്ന് ഞാന്‍ സഹപ്രവര്‍ത്തകനായ ശകീല്‍ അഹ്മദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരത്തിന്റെ ചെലവ് ശിവസേന വഹിക്കും. ആരതി പോലെയാണത് എന്നാണെന്റെ അഭിപ്രായം. ബാല്‍ താക്കറെ ഒരു മതത്തിനും എതിരായിരുന്നില്ല. ഉദ്ദവ് താക്കറെയും എല്ലാ മതങ്ങളെയും ചേര്‍ത്തു നിര്‍ത്തണമെന്ന ആശയക്കാരനാണ്, എന്നായിരുന്നു സക്പാല്‍ പറഞ്ഞത്.

ഒരു ഉര്‍ദു പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന നിര്‍ദേശം സക്പാല്‍ മുന്നോട്ടുവെച്ചത്. ഹിന്ദുമതസ്ഥര്‍ക്ക് ആരതി എന്നതു പോലെയാണ് മുസ്‌ലിങ്ങള്‍ക്ക് ബാങ്കെന്നും മുസ്‌ലിം പള്ളിക്കു സമീപം താമസിക്കുന്ന താന്‍ സ്ഥിരമായി ബാങ്ക് കേള്‍ക്കാറുണ്ടെന്നും സക്പാല്‍ പറഞ്ഞു. ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് സക്പാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ശിവസേന ഹിന്ദുത്വം കൈവിടുകയാണെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്.

ഇതിനുപിന്നാലെയാണ് പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തെത്തിയത്. ‘ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി പള്ളികളിലെ   ലൗഡ്സ്പീക്കര്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം’ , സാമ്‌നയിലെ ലേഖനത്തില്‍ പറയുന്നു.

ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്ന പരാമര്‍ശത്തിന്റെ പേരില്‍ ശിവസേന നേതാവിനെ വിമര്‍ശിക്കുന്ന ബി.ജെ.പി നടപടിയെ ലേഖനത്തില്‍ ചോദ്യം ചെയ്യുന്നു.

‘ബാങ്കിനെ പ്രശംസിച്ച ശിവസേന നേതാവിനെ വിമര്‍ശിക്കുന്നത് ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ പാകിസ്താനി ഭീകരര്‍ എന്നു വിളിക്കുന്നതു പോലെയാണ്. കര്‍ഷകരെ ഭീകരരെന്നു വിളിക്കുന്നവരില്‍ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? ശിവസേന ഹിന്ദുത്വം കൈവിട്ടുവെന്നാണ് ചിലര്‍ പറയുന്നത്, ലേഖനത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shivasena Demands