ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം; 'യൂണിവേഴ്‌സിറ്റി കോളെജില്‍ പ്രവേശിക്കരുത്'
Kerala News
ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം; 'യൂണിവേഴ്‌സിറ്റി കോളെജില്‍ പ്രവേശിക്കരുത്'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2019, 7:18 pm

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ വധശ്രമക്കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളുമായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. യൂണിവേഴ്‌സിറ്റി കോളേജിന്റെ വളപ്പിലേക്ക് പോലും കയറരുതെന്ന ഉപോധികളോടെയാണ് ഇരുവര്‍ക്കും
തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

ഇക്കഴിഞ്ഞ ജൂലൈയില്‍ ആയിരുന്നു ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ കോളെജിലെ തന്നെ ഒരു സംഘം എസ്.എഫ്.ഐ നേതാക്കള്‍ കുത്തിപ്പരിക്കേല്‍പിച്ചത്. എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയത്. യൂണിറ്റ് സെക്രട്ടറി നസീമില്‍ നിന്ന് കത്തിവാങ്ങി ശിവരഞ്ജിത്ത് അഖിലിനെ കുത്തുകയായിരുന്നുവെന്നാണ് സാക്ഷികളായ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. കാന്റീനില്‍ മുന്നിലിരുന്ന് പാട്ട് പാടിയതിനാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെട്ടെന്നുണ്ടായ പ്രകോപനമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ ശിവരഞ്ജിത്തിനിന്റേയും നസീമിന്റേയും മൊഴി നല്‍കിയിരുന്നു. ഇരുവരെയും ജില്ലാജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി പടരാനുള്ള സാധ്യതയുണ്ടെന്നും വധഭീഷണിയുണ്ടെന്നും അതിനാല്‍ ജയില്‍ മാറ്റം വേണമെന്നുമുള്ള പ്രതികളുടെ ആവശ്യത്തെതുടര്‍ന്നായിരുന്നു മാറ്റം.

ശിവരഞ്ജിത്തിനും നസീമിനും പുറമെ എസ്.എഫ്.ഐ നേതാക്കളായ അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ