തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനേയും നസീമിനേയും മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.
ഇരുവരുടേയും കസ്റ്റഡി അപേക്ഷ രാവിലെ കോടതി പരിഗണിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്നു. പിന്നീട് അല്‍പ്പസമയത്തിനകമാണ് കോടതി കേസ് പരിഗണിച്ചത്.
കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്ത് ,യൂണിവേഴ്സിറ്റി കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. പ്രതികളുപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്.
അതേസമയം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. കേസില്‍ ദൃക്സാക്ഷികളുടെ അടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ ആറു പേരുള്‍പ്പടെ 16 പേര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.
അഖിലിന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷം കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതിനിടെ യൂണിവേഴ്സിറ്റി കോളേജില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച നിഖിലയുടെ കൂടുതല്‍ വെളിപ്പെടുത്തലുകളില്‍ കേസെടുക്കാനും പൊലീസ് ഒരുങ്ങുന്നുണ്ട്.
എസ്.എഫ്. ഐ പീഡനത്തെ തുടര്‍ന്ന് കോളേജ് വിടേണ്ടി വന്നതാണെന്ന് നിഖില അടുത്തിടെ പറഞ്ഞിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച കേസില്‍ ആദ്യം രേഖപ്പെടുത്തിയ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും.