| Sunday, 14th January 2024, 6:25 pm

ഒരു കൂട്ടം ആളുകൾ കോളറിൽ പിടിച്ചിട്ട് 'മമ്മൂക്ക എന്താടാ പറഞ്ഞത്' എന്ന്: ശിവരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഥുൻ മാനുവൽ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് അബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ട്. മമ്മൂട്ടിയെ സെറ്റിൽ വെച്ച് കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സേവി പൊന്നൂസ് എന്ന ജഗദീഷ് കഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിച്ച ശിവരാജും കുമരകം രഘുനാഥിനെ അവതരിപ്പിച്ച ശിവ ഹരിഹരനും. മമ്മൂട്ടി തങ്ങളോട് സംസാരിക്കുമ്പോൾ ഐസ് പോലെയായി പോയെന്നും ശിവരാജ് പറഞ്ഞു.

ഈ സിനിമയിൽ ഉള്ളതാണോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ അതെ എന്ന് പറഞ്ഞെന്നും തങ്ങൾ എന്തെങ്കിലും പറയുമെന്ന് കരുതി അദ്ദേഹം കാത്തു നിന്നെന്നും ശിവരാജ് പറഞ്ഞു. എന്നാൽ മമ്മൂട്ടി പോയപ്പോൾ ഒരു കൂട്ടം ആളുകൾ വന്ന് അദ്ദേഹം സെറ്റിൽ ആരോടും മിണ്ടിയിട്ടില്ലെന്ന് പറഞ്ഞെന്നും ശിവരാജ് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇവർ.

‘മമ്മൂക്കയുടെ സീക്വൻസ് ഷൂട്ട് ചെയ്തു. മമ്മൂക്ക സെറ്റിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ തന്നെ എല്ലാരും സ്വാഭാവികമായിട്ട് എണീക്കും. ഞാനും ശിവ ഹരിയേട്ടനും ആണ് നിൽക്കുന്നത്. എന്റെ മുൻപിൽ ശിവ ഹരിയേട്ടൻ ഉണ്ട്. മമ്മൂക്ക ഇങ്ങനെ വന്നു.

മമ്മൂക്ക അടുത്ത് എത്തിയപ്പോൾ ഞങ്ങളിങ്ങനെ ശ്വാസം ഒക്കെ പിടിച്ച് ഹാർട്ട് ബീറ്റ് ഒക്കെ കൂടി നിൽക്കുകയാണ്. മമ്മൂക്ക അടുത്തെത്തിയതും ‘ഈ സിനിമയിൽ ഉള്ളതാണോ’ എന്ന് ചോദിച്ചു. ഇവനിങ്ങനെ ബാക്കില് കൈ കെട്ടി തലയാട്ടിക്കൊണ്ടിരിക്കുകയാണ്.

മമ്മൂക്ക ഇങ്ങനെ വെയിറ്റ് ചെയ്തിട്ട് ഒന്ന് നോക്കി. എന്നിട്ട് അങ്ങോട്ട് നടന്നു പോയി. മമ്മൂക്ക നടന്നു പോയി കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആളുകൾ വന്നിട്ട് കോളറിൽ പിടിച്ചിട്ട് ‘മമ്മൂക്ക എന്താടാ പറഞ്ഞത്, ഇവിടെ സെറ്റിൽ ആരോടും മിണ്ടിയിട്ടില്ല നിങ്ങളോട് ആണ് മിണ്ടിയത്, പോകേണ്ടെടാ സംസാരിക്കേണ്ട’ എന്നൊക്കെ ചോദിച്ചു. അപ്പോഴാണ് ഇവൻ പറയുന്നത് ‘എന്റെ ഇത്രയും ഭാഗം തണുത്ത് പോയെടാ’ എന്ന്. ഭയങ്കരമായ ഒരു സംഭവമായിരുന്നു അത്,’ ശിവരാജ് പറഞ്ഞു.

Content Highlight: Shivarajkumar and shiva hariharan about mammootty

We use cookies to give you the best possible experience. Learn more