| Tuesday, 16th January 2024, 9:46 pm

ആ നിവിന്‍ പോളി, ഇന്ദ്രജിത്ത് ചിത്രങ്ങളേക്കാള്‍ വലിയ റെസ്പോണ്‍സിബിളിറ്റിയായിരുന്നു അബ്രഹാം ഓസ്ലറില്‍: ശിവരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അബ്രഹാം ഓസ്ലര്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമാണ് ശിവരാജ്. ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രമായെത്തിയ നടനാണ് ജഗദീഷ്. സേവി പൊന്നൂസ് എന്ന ആ കഥാപാത്രം സിനിമ കാണുന്ന ഒരാളില്‍ ഏറെ വെറുപ്പും ദേഷ്യവും തോന്നിപ്പിക്കുന്നതായിരുന്നു.

മരണം വരെ ചെയ്ത തെറ്റിനെക്കുറിച്ചോര്‍ത്ത് ഒരു കുറ്റബോധവും തോന്നാത്ത ജഗദീഷിന്റെ ചെറുപ്പം അവതരിപ്പിച്ചിരുന്നത് ശിവരാജാണ്. ചിത്രത്തില്‍ ധാരാളം പുതുമുഖങ്ങളുണ്ടെങ്കിലും അഭിനയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടതും ശിവരാജായിരുന്നു.

താരത്തിന്റെ ആദ്യ സിനിമയല്ല ഓസ്ലര്‍. 2021ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് നായകനായ ‘ആഹാ’ എന്ന ചിത്രത്തിലും 2023ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളിയുടെ ‘തുറമുഖം’ എന്ന ചിത്രത്തിലും ശിവരാജ് അഭിനയിച്ചിരുന്നു.

സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ‘ആഹാ’ സിനിമക്ക് വേണ്ടി വടംവലി പഠിക്കാനുണ്ടായിരുന്നുവെന്നും തുറമുഖം സിനിമക്ക് വേണ്ടി താന്‍ ഭാരം കുറക്കുകയും ചില മാനറിസങ്ങള്‍ പഠിച്ചെടുക്കുകയും ചെയ്തിരുന്നെന്നുമാണ് താരം പറയുന്നത്.

എന്നാല്‍ അബ്രഹാം ഓസ്ലറില്‍ നടന്‍ ജഗദീഷിന്റെ ചെറുപ്പം ചെയ്യുമ്പോള്‍ അതിനേക്കാള്‍ വലിയ റെസ്പോണ്‍സിബിളിറ്റിയാണ് ഉണ്ടായിരുന്നതെന്നും ശിവരാജ് പറഞ്ഞു.

‘ആഹാ സിനിമയില്‍ വടംവലി ആയിരുന്നു. അതിന് വേണ്ടി വടംവലി പഠിക്കാന്‍ ഉണ്ടായിരുന്നു. തുറമുഖം സിനിമക്ക് വേണ്ടി വെയിറ്റ് കുറച്ചു. പിന്നെ ചില മാനറിസങ്ങള്‍ പഠിച്ചെടുത്തു. എന്നാല്‍ അബ്രഹാം ഓസ്ലറില്‍ അതിനേക്കാള്‍ വലിയ റെസ്പോണ്‍സിബിളിറ്റിയാണ് ജഗദീഷ് ചേട്ടന്റെ ചെറുപ്പം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നത്. അതിനും ഒരുപാട് സ്റ്റഡി ചെയ്തിരുന്നു,’ ശിവരാജ് പറയുന്നു.

ചിത്രത്തില്‍ ജയറാം. മമ്മൂട്ടി, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, ജഗദീഷ്, സെന്തില്‍ കൃഷ്ണ, അനൂപ് മേനോന്‍, ആര്യ സലിം, ദിലീഷ് പോത്തന്‍, സായി കുമാര്‍, അഞ്ചു കുര്യന്‍, അര്‍ജുന്‍ നന്ദകുമാര്‍, കുമരകം രഘുനാഥ് ഉള്‍പ്പെടെയുള്ള വലിയ താരനിരത്തന്നെ ഒന്നിച്ചിരുന്നു. ഒപ്പം ശിവരാജിന് പുറമെ ആദം സാബിക്, ഷജീര്‍ പി. ബഷീര്‍, ജോസഫ് മാത്യു, ശിവ ഹരിഹരന്‍ എന്നീ പുതുമുഖ താരങ്ങളും അഭിനയിച്ചിരുന്നു.


Content Highlight:  Shivaraj Talk About Abraham Ozler, Aaha Movie And Thuramukham

We use cookies to give you the best possible experience. Learn more